അസഹനീയമായ വയറുവേദന, യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ നടത്തി, യുവാവ് ഗുരുതരാവസ്ഥയില്‍
സ്വന്തം വീട്ടില്‍ കയറി മുറിയടച്ചാണ് ശസ്ത്രക്രിയ നടത്തിയത്.

ലക്നൗ: യൂട്യൂബ് നോക്കി സ്വയം ശസ്ത്രിക്രിയ നടത്തിയ യുവാവ് ഗുരുതരാവസ്ഥയില്‍. ഉത്തര്‍പ്രദേശിലെ മഥുരയിലെ സണ്‍രാഖ് ഗ്രാമവാസിയായ രാജാബാബു കുമാറെന്ന 32കാരനാണ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലുള്ളത്. ബുധനാഴ്ചയാണ് വയറുവേദനയെ തുടര്‍ന്ന്, യൂട്യൂബ് വീഡിയോയില്‍ കണ്ടതനുസരിച്ച് ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങി യുവാവ് സ്വയം ശസ്ത്രക്രിയ നടത്തിയത്.
സ്വന്തം വീട്ടില്‍ കയറി മുറിയടച്ചാണ് ശസ്ത്രക്രിയ നടത്തിയത്. മരവിപ്പിക്കാനുള്ള ഇഞ്ചക്ഷന്‍ ആദ്യം എടുത്തശേഷം അടിവയറിന്‍റെ താഴെ ഇടതുവശത്തായി ഏഴിഞ്ച് നീളമുള്ള മുറിവ് രാജബാബു ഉണ്ടാക്കി. വിചാരിച്ചതിലും ആഴത്തിലേക്ക് ശസ്ത്രക്രിയ ചെയ്യാന്‍ ഉപയോഗിച്ച ബ്ലേഡ് ആഴ്ന്നിറങ്ങിയതോടെ വേദനകൊണ്ട് രാജാബാബു പുളഞ്ഞു. പിന്നാലെ രക്തസ്രാവവും തുടങ്ങി. ഉടന്‍ തന്നെ മുറിവ് സ്വയം തുന്നിക്കൂട്ടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പിന്നാലെ, രാജബാബു വിവരം കുടുംബാംഗങ്ങളെ അറിയിച്ചു. രാജയെ കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ മഥുര ജില്ലാ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില വഷളായതോടെ ആഗ്രയിലെ ആശുപത്രിയിലേക്ക് ഡോക്ടര്‍മാര്‍ മാറ്റുകയായിരുന്നു. അടിവയറിന് താഴെയായി ഏഴ് സെന്‍റീമീറ്റര്‍ നീളത്തിലും ഒരു സെന്‍റീമീറ്റര്‍ വീതിയിലുമുള്ള മുറിവാണ് യുവാവ് ഉണ്ടാക്കിയതെന്നും 12 തുന്നലുകള്‍ രാജ സ്വയം ഇട്ടെന്നും മഥുര ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
What's Your Reaction?






