ഗുജറാത്ത്-മഹാരാഷ്ട്ര അതിർത്തിയിൽ ബസുകൾ കൂട്ടിയിടിച്ച് ഏഴു മരണം; 40 പേർക്ക് പരിക്ക്
സൂറത്ത്: ഗുജറാത്ത് - മഹാരാഷ്ട്ര ഹൈവേയിൽ മഹാരാഷ്ട്ര റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (MSRTC) ബസുകൾ കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം. അപകടത്തെത്തുടർന്ന് ഒരു ബസിന് തീപിടിച്ചതാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. ദേശീയപാത 53-ൽ ഉവ ഗ്രാമത്തിന് സമീപം നടന്ന ഈ വൻ അപകടത്തിൽ നാൽപതോളം പേർക്ക് പരിക്കേറ്റു. തീപിടിച്ച ബസിനുള്ളിൽ കുടുങ്ങിപ്പോയ യാത്രക്കാരാണ് മരണപ്പെട്ടത്.
സൂറത്തിൽ നിന്ന് ദൂലേയിലേക്ക് പോയ ബസും, മഹാരാഷ്ട്രയിലെ ചാലിസ്ഗാവിൽ നിന്നും സൂറത്തിലേക്ക് വരികയായിരുന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്. സൂറത്ത് പൊലീസ് സൂപ്രണ്ട് രാജേഷ് ഘാതിയ അറിയിച്ചതനുസരിച്ച്, മഹാരാഷ്ട്രയിലേക്ക് പോവുകയായിരുന്ന ബസ് ആദ്യം ഒരു ട്രാക്ടറിലിടിച്ച് നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് ഡിവൈഡറും തകർത്ത് എതിർദിശയിൽ നിന്ന് വരികയായിരുന്ന ബസിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ ഒരു ബസ് റോഡരികിലെ താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ് ഉടൻ തന്നെ തീപിടിക്കുകയായിരുന്നു.
സംഭവസ്ഥലത്തേക്ക് പോലീസ് ഫയർഫോഴ്സും ഉടനടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ അടിയന്തരമായി ബർദോളിയിലെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര ഗതാഗതമന്ത്രി പ്രതാപ് സർനായിക് പത്ത് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മരണപ്പെട്ടവരിൽ എംഎസ്ആർടിസി ജീവനക്കാരും ഉൾപ്പെടുന്നുണ്ട്. പരിക്കേറ്റവർക്ക് ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
What's Your Reaction?



