കൊച്ചി വാട്ടര്‍ മെട്രോ മട്ടാഞ്ചേരിയിലേക്കും വെല്ലിങ്ടൺ ഐലൻഡിലേക്കും; പുതിയ രണ്ട് ടെർമിനലുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി വാട്ടർ മെട്രോയിൽ വെല്ലിംഗ്ടൺ ഐലൻഡിലേക്ക് യാത്ര ചെയ്യുകയും ചെയ്തു

കൊച്ചി: കൊച്ചി വാട്ടർ മെട്രോയുടെ പുതിയ രണ്ട് ടെർമിനലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇതോടെ വാട്ടർ മെട്രോ സർവീസ് മട്ടാഞ്ചേരിയിലേക്കും വെല്ലിംഗ്ടൺ ഐലൻഡിലേക്കും കൂടി നീണ്ടു.
38 കോടി രൂപ ചെലവിലാണ് മട്ടാഞ്ചേരിയിലും വെല്ലിംഗ്ടൺ ഐലൻഡിലും പുതിയ ടെർമിനലുകൾ നിർമിച്ചത്. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി വാട്ടർ മെട്രോയിൽ വെല്ലിംഗ്ടൺ ഐലൻഡിലേക്ക് യാത്ര ചെയ്യുകയും ചെയ്തു.
കൊച്ചി വാട്ടർ മെട്രോ ഇതിനോടകം ലോകശ്രദ്ധ ആകർഷിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വാട്ടർ മെട്രോ പദ്ധതി നടപ്പിലാക്കുന്നതിനായി വിദേശ രാജ്യങ്ങൾ കേരളത്തെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
"നമ്മുടെ നാട്ടിൽ ഒരു കാലത്തും നടക്കില്ല, ഇങ്ങനെയായിപ്പോയി ഈ നാട് എന്ന് പൊതുജനങ്ങൾ കരുതിയ പല വികസന പദ്ധതികളും നടപ്പിലായി. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണ് വാട്ടർ മെട്രോയിലൂടെ കേരളം കൈവരിക്കുന്നത്," മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പ്രാദേശിക വികസനത്തിലും ടൂറിസം രംഗത്തും ഈ പദ്ധതി വലിയ ഉണർവ് നൽകുമെന്നും പൈതൃക പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിയായി വാട്ടർ മെട്രോ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ ടെർമിനലുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. കടമക്കുടിയിലെ ടെർമിനൽ അന്തിമ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
മട്ടാഞ്ചേരി ടെർമിനൽ: ഡച്ച് പാലസിന് അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 8,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച ഈ സ്റ്റേഷൻ ഹൈക്കോടതി ടെർമിനൽ കഴിഞ്ഞാൽ വലുപ്പത്തിൽ രണ്ടാം സ്ഥാനത്താണ്. വേലിയേറ്റ പ്രശ്നങ്ങൾ സർവീസിനെ ബാധിക്കാതിരിക്കാൻ കായലിലേക്ക് ഇറക്കിയാണ് രണ്ടിടത്തും ടെർമിനലുകൾ നിർമ്മിച്ചിരിക്കുന്നത്.
What's Your Reaction?






