പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് തുടക്കം രണ്ടരയ്ക്ക് ഇലഞ്ഞിത്തറ മേളം, ഗതാഗത നിയന്ത്രണം
നാളെ പുലർച്ചെ മൂന്ന് മണിയോടെയായിരിക്കും വെടിക്കെട്ട്

തൃശൂർ: പൂരം ലഹരിയില്‍ തൃശൂര്‍ നഗരം. വടക്കുംനാഥ സന്നിധിയിലേക്ക് ആദ്യ ഘടക പൂരമായ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് ആരംഭിച്ചു. പുലർച്ചെ അഞ്ചരയോടെയാണ് കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് ആരംഭിച്ചത്. ആദ്യം എത്തുന്ന ദേവനാണ് ദേവഗുരു സങ്കല്‍പ്പത്തിലുള്ള കണിമംഗലം ശാസ്താവ്.
പുലര്‍ച്ചെ ഒരാനപ്പുറത്ത് നാഗസ്വരത്തിന്റെ അകമ്പടിയില്‍ പുറപ്പെടുന്ന ശാസ്താവ് ചെട്ടിയങ്ങാടിയിലെ കുളശ്ശേരി ക്ഷേത്രത്തില്‍ ഇറങ്ങി വിശ്രമിക്കും. തുടര്‍ന്ന്, ഏഴരയോടെ വടക്കുംനാഥന്റെ തെക്കേഗോപുരം കടന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കും. പടിഞ്ഞാറെ നടവഴി പുറത്തുകടന്ന് നിലപാടുതറയില്‍ ഒന്‍പത് ആനകളോടെ നിരന്ന് മേളം കൊട്ടിക്കലാശിച്ചു മടങ്ങും.
പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 ഘടക ക്ഷേത്രങ്ങളിൽ നിന്നുള്ള ദേവീ, ദേവൻമാരും വടക്കുംനാഥനെ വണങ്ങാനെത്തും. പൂര പ്രേമികളിൽ ആവേശം തീർത്ത് ഗജ ചക്രവർത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇത്തവണ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നുണ്ട്.
ഏഴരയോടെ തിരുവമ്പാടി ഭഗവതിയുടെ പുറപ്പാട് ആരംഭിക്കും. 11.30 ഓടെയാണ് മഠത്തിൽ വരവ് പഞ്ചവാദ്യം. കോങ്ങാട് മധുവിന്റെ നേതൃത്വത്തിൽ പ്രശസ്തരായ കലാകാരൻമാർ അണിനിരക്കും. പാറമേക്കാവ് ഭഗവതി 12 മണിയോടെ വടക്കുംനാഥ സന്നിധിയിലെത്തും.
രണ്ടരയ്ക്കാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിലാണ് മേളം. വൈകീട്ട് അഞ്ചരയോടെ കുടമാറ്റം. നാളെ പുലർച്ചെ മൂന്ന് മണിയോടെയായിരിക്കും വെടിക്കെട്ട്.
What's Your Reaction?






