കൊച്ചി നഗരത്തില്‍ പട്ടാപ്പകൽ തോക്കും വടിവാളും ചൂണ്ടി 80 ലക്ഷം രൂപ കവർന്നു 

കൃത്യമായ ആസൂത്രണത്തോടെ നടന്ന കവർച്ചയാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

Oct 8, 2025 - 21:57
Oct 8, 2025 - 21:58
 0
കൊച്ചി നഗരത്തില്‍ പട്ടാപ്പകൽ തോക്കും വടിവാളും ചൂണ്ടി 80 ലക്ഷം രൂപ കവർന്നു 

കൊച്ചി: നഗരമധ്യത്തിൽ പട്ടാപ്പകൽ തോക്കും വടിവാളും ചൂണ്ടി സിനിമാ സ്റ്റൈലിൽ 80 ലക്ഷം രൂപ കവർന്നു. കുണ്ടന്നൂരിൽ അരൂർ ബൈപ്പാസിനോട് ചേർന്നുള്ള ഒരു സ്റ്റീൽ മൊത്തവിതരണ കേന്ദ്രത്തിൽ വൈകിട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്. കൃത്യമായ ആസൂത്രണത്തോടെ നടന്ന കവർച്ചയാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ആദ്യം രണ്ട് പേർ ബൈക്കിൽ സ്ഥാപനത്തിലെത്തി നിരീക്ഷണം നടത്തിയ ശേഷം തിരിച്ചുപോയി. പിന്നാലെ, അഞ്ച് പേരടങ്ങുന്ന സംഘം കാറിലെത്തി സ്ഥാപനത്തിന്റെ ഒരു ഭാഗത്ത് നിർത്തിയ ശേഷം ഓഫീസിലേക്ക് അതിക്രമിച്ചു കയറി.

ഈ സമയം പണം മേശപ്പുറത്ത് വെച്ച് എണ്ണിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ് വിവരം. തോക്കും വടിവാളുമടക്കമുള്ള ആയുധങ്ങളുമായി എത്തിയ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവർന്നെടുത്ത് കാറിൽ സ്ഥലത്തുനിന്ന് അതിവേഗം കടന്നുകളഞ്ഞു.

കവർച്ചക്കാർ മുഖംമൂടി ധരിച്ചിരുന്നതിനാൽ ഇവരെ തിരിച്ചറിയാൻ കടയിലുള്ളവർക്ക് സാധിച്ചിട്ടില്ല. സ്ഥാപനത്തിൽ ഇത്രയധികം പണമുണ്ടാകുമെന്ന് അറിയാവുന്ന ആരെങ്കിലും വിവരം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കവർച്ച നടന്നതെന്നാണ് പോലീസ് കരുതുന്നത്. ഇത് സ്ഥിരീകരിക്കാനാണ് ആദ്യം രണ്ടുപേർ നിരീക്ഷണത്തിനായി എത്തിയതെന്നും കരുതുന്നു.

വടുതല സ്വദേശിയായ സജി എന്നൊരാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. ഇയാൾ കവർച്ചാ സംഘത്തിൽ ഉൾപ്പെട്ടതാണോ അതോ വിവരം നൽകിയ ആളാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല. എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.

സ്റ്റോക്ക് എടുക്കുന്നതിനായി മൊത്തവിതരണ സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്ന് ജീവനക്കാർ പോലീസിനെ അറിയിച്ചു. സ്ഥാപനത്തിന്റെ ഉള്ളിൽ സിസിടിവി ഇല്ലാത്തതിനാൽ സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്. കവർച്ചാ സംഘം എത്തിയ കാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന.

What's Your Reaction?

like

dislike

love

funny

angry

sad

wow