താമരശ്ശേരി ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; സേവനം നിര്‍ത്തിവെച്ച് ജീവനക്കാരുടെ പ്രതിഷേധം
മറ്റു സർക്കാർ ആശുപത്രികളിൽ അത്യാഹിത വിഭാഗം ഒഴികെയുള്ള വിഭാഗങ്ങളിൽ പ്രവർത്തനം നിർത്തിവെക്കുമെന്ന് സംഘടന അറിയിച്ചു

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (KGMOA) രംഗത്ത്. ആക്രമണത്തിൽ പ്രതിഷേധിച്ച് താലൂക്ക് ആശുപത്രിയിലെ ജീവനക്കാർ സേവനം നിർത്തിവെച്ച് പ്രതിഷേധിക്കുകയാണ്. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ മുഴുവൻ സേവനവും (അത്യാഹിത വിഭാഗം ഉൾപ്പെടെ) കെ.ജി.എം.ഒ.എ.യുടെ നേതൃത്വത്തിൽ നിർത്തിവെച്ചു.
മറ്റു സർക്കാർ ആശുപത്രികളിൽ അത്യാഹിത വിഭാഗം (Casualty) ഒഴികെയുള്ള വിഭാഗങ്ങളിൽ പ്രവർത്തനം നിർത്തിവെക്കുമെന്ന് സംഘടന അറിയിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.
അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെട്ട് മരിച്ച ഒൻപത് വയസുകാരിയുടെ പിതാവായ സനൂപ് ആണ് ഡോക്ടറെ ആക്രമിച്ചത്. മകൾക്ക് മതിയായ ചികിത്സ ലഭിച്ചില്ല എന്നാരോപിച്ചായിരുന്നു ആക്രമണം. സനൂപിനെ പോലീസ് പിടികൂടി.
സനൂപ് തന്റെ രണ്ട് മക്കൾക്കൊപ്പം ആണ് ആശുപത്രിയിലെത്തിയത്. കുട്ടികളെ പുറത്ത് നിർത്തി സൂപ്രണ്ടിന്റെ റൂമിലെത്തിയ ഇയാൾ സൂപ്രണ്ടിനെയാണ് ലക്ഷ്യം വെച്ചത്. എന്നാൽ, ആ സമയം സൂപ്രണ്ട് മുറിയിൽ ഇല്ലാതിരുന്നതിനെ തുടർന്ന് ഇയാൾ ഡോക്ടർ വിപിനെ വെട്ടുകയായിരുന്നു.
ജോലി സുരക്ഷ ഉറപ്പാക്കുന്നതിൽ സിസ്റ്റം പൂർണ്ണമായും പരാജയപ്പെട്ടു എന്ന് കെ.ജി.എം.ഒ.എ. ആരോപിച്ചു. വന്ദന ദാസ് കൊല്ലപ്പെട്ട സമയത്ത് സർക്കാർ നൽകിയ ഉറപ്പുകൾ പാഴായിപ്പോയെന്നും സംഘടന വിമർശിച്ചു.
What's Your Reaction?






