17-ാം വയസ്സിൽ ലൈസൻസ്; മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ കുരുക്ക് മുറുക്കി മോട്ടോർ വാഹന വകുപ്പ്
മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് പ്രായപൂർത്തിയാകുന്നതിന് മുൻപേ ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നിയമോപദേശം തേടുന്നു. 40 വർഷം മുൻപ് നടന്ന നിയമലംഘനം വകുപ്പിന്റെ ആഭ്യന്തര പരിശോധനയിലാണ് ഇപ്പോൾ പുറത്തുവന്നത്. സാങ്കേതികമായ ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടും ഇത്രയും കാലം ഈ വിഷയം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്നത് വലിയ വീഴ്ചയായിട്ടാണ് കണക്കാക്കുന്നത്.
രേഖകൾ പ്രകാരം 1966 മെയ് 25-നാണ് ഗണേഷ് കുമാറിന്റെ ജനനം. എന്നാൽ അദ്ദേഹത്തിന് ലൈസൻസ് അനുവദിച്ചിരിക്കുന്നത് 1984 ഫെബ്രുവരി 13-നാണ്. നിയമപ്രകാരം ഗിയറുള്ള വാഹനങ്ങൾ ഓടിക്കാൻ 18 വയസ്സ് പൂർത്തിയാകണമെന്നിരിക്കെ, 17 വയസ്സും എട്ട് മാസവും മാത്രം പ്രായമുള്ളപ്പോഴാണ് ഗണേഷിന് ലൈസൻസ് ലഭിച്ചത്. നിലവിൽ 2028 വരെ കാലാവധിയുള്ള ഈ ലൈസൻസിൻ്റെ നിയമസാധുതയാണ് ഇപ്പോൾ പരിശോധിക്കുന്നത്.
ഇതുകൂടാതെ ലൈസൻസിൽ പേരിനൊപ്പം 'എംഎൽഎ' എന്ന് ചേർത്തിരിക്കുന്നതും വിവാദമായിട്ടുണ്ട്. ഔദ്യോഗിക രേഖകളിൽ ഇത്തരത്തിൽ പദവികൾ ചേർക്കാൻ പാടില്ലാത്തതിനാൽ, അത് മാറ്റി ആധാറിലെ പേര് നൽകാൻ ഗതാഗത കമ്മിഷണർ സി. നാഗരാജു നിർദ്ദേശം നൽകി. 2019-ൽ 'സാരഥി' സോഫ്റ്റ്‌വെയർ വരുന്നതിന് മുൻപാണ് ലൈസൻസിൽ ഈ മാറ്റം വരുത്തിയത്. ദശകങ്ങൾക്ക് മുൻപ് നടന്ന സംഭവമായതിനാലാണ് തുടർനടപടികൾക്കായി ഗതാഗത വകുപ്പ് നിയമോപദേശം തേടുന്നത്.
What's Your Reaction?