മാക്കൂട്ടം ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് മരണം; സുരക്ഷാ വീഴ്ചകൾ വീണ്ടും ചർച്ചയാകുന്നു
ഇരിട്ടി: മാക്കൂട്ടം പെരുമ്പാടി ചുരം പാതയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് കണ്ണൂർ മുണ്ടയാട് സ്വദേശി കെ.എൻ.ബാലകൃഷ്ണൻ മരിച്ച അപകടം റോഡിലെ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത വീണ്ടും ബോധ്യപ്പെടുത്തുന്നു. കൂട്ടുപുഴ മുതൽ പെരുമ്പാടി വരെയുള്ള 19 കിലോമീറ്റർ പാതയിൽ ശാസ്ത്രീയമായ സുരക്ഷാ വേലികളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്തത് അപകടസാധ്യത വർധിപ്പിക്കുകയാണ്. റോഡ് നവീകരണം നടക്കുന്ന ഭാഗങ്ങളിൽ അരികുകൾ കോൺക്രീറ്റ് ചെയ്യാത്തതും വളവുകളിലെ അലൈൻമെന്റ് മാറ്റവും യാത്രികർക്ക് വലിയ ഭീഷണിയാകുന്നു.
വനമേഖലയിലൂടെ കടന്നുപോകുന്ന ഈ പാതയിലെ അഗാധമായ കൊല്ലികളിലേക്ക് വാഹനം മറിഞ്ഞാൽ പെട്ടെന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. ബാലകൃഷ്ണൻ അപകടത്തിൽപെട്ട് 24 മണിക്കൂർ കഴിഞ്ഞാണ് മൃതദേഹം കണ്ടെത്താനായത് എന്നത് ഇതിന്റെ തീവ്രത വ്യക്തമാക്കുന്നു. അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് വിരാജ്പേട്ടയിൽ നിന്നോ ഇരിട്ടിയിൽ നിന്നോ സംഘമെത്തേണ്ടി വരുന്നത് രക്ഷാദൗത്യത്തെ വൈകിപ്പിക്കുന്നു. ചുരത്തിൽ മൊബൈൽ അഗ്നിരക്ഷാ യൂണിറ്റ് അനുവദിക്കണമെന്നും കൊല്ലികളുള്ള ഭാഗങ്ങളിൽ സുരക്ഷാ വേലികൾ നിർമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
What's Your Reaction?