കേരള മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡ് തീരുമാനം ഇന്ന് ചാർട്ടേഡ് വിമാനത്തിൽ തിരുവനന്തപുരത്തെത്തും
ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച കോൺഗ്രസ് ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം ഇന്ന് ഡൽഹിയിൽ നിന്നെത്തുന്ന ചാർട്ടേഡ് വിമാനത്തിലുണ്ടാകും. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നിർണ്ണായക പ്രഖ്യാപനവുമായി തലസ്ഥാനത്തെത്തുന്നത്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരിലാരെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി നിശ്ചയിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.
രാവിലെ രാഹുൽ ഗാന്ധിയുമായി കെ.സി. വേണുഗോപാൽ നടത്തിയ ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയെ സംബന്ധിച്ച ഏകദേശ ധാരണയായതായാണ് സൂചന. കെ.സി. വേണുഗോപാലിനാണ് നറുക്ക് വീഴുന്നതെങ്കിൽ നിയമസഭാ കക്ഷി യോഗത്തിന് മുൻപ് തന്നെ സതീശനെയും ചെന്നിത്തലയെയും ഹൈക്കമാൻഡ് നേരിട്ട് വിവരം അറിയിക്കും. മറിച്ച്, അദ്ദേഹം പിന്മാറുകയാണെങ്കിൽ പകരം രമേശ് ചെന്നിത്തലയ്ക്കോ സതീശനോ ലഭിക്കുന്ന ഉറപ്പുകളെക്കുറിച്ചും പാർട്ടിക്കുള്ളിൽ ചർച്ചകൾ സജീവമാണ്. ഫലം വന്ന് പത്ത് ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഇതോടെ വിരാമമാകും.
What's Your Reaction?