എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട താരം പടിയിറങ്ങുന്നു; 'അമ്മ'യിലെ അൻസിബയുടെ രാജിക്ക് പിന്നിലെ യഥാർത്ഥ കാരണമെന്ത്?
മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നടി അൻസിബ ഹസൻ രാജിവെച്ചു. അൻസിബയുടെ രാജി സംഘടന അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേതാ മേനോൻ ഔദ്യോഗികമായി അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലും അഭിനയരംഗത്തെ തിരക്കുകൾ മൂലവുമാണ് താരം പദവി ഒഴിഞ്ഞതെന്നാണ് വിശദീകരണം.
കൊച്ചിയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ശ്വേതാ മേനോൻ ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി 21-ന് തന്നെ അൻസിബ രാജിക്കത്ത് നൽകിയിരുന്നു. സംഘടനയുടെ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്താൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു താരം. യോഗത്തിനിടെ അൻസിബയുമായി ഫോണിൽ സംസാരിച്ചതായും രാജിയിൽ ഉറച്ചുനിൽക്കുന്നതിനാൽ അത് അംഗീകരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ശ്വേത പറഞ്ഞു.
ശ്വേതാ മേനോൻ പ്രസിഡന്റായി ചുമതലയേറ്റ ഭരണസമിതിയിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക ഭാരവാഹിയായിരുന്നു അൻസിബ ഹസൻ. നിലവിൽ നടി കുക്കു പരമേശ്വരനാണ് സംഘടനയുടെ ജനറൽ സെക്രട്ടറി. വനിതാ പ്രാതിനിധ്യത്തിന് മുൻതൂക്കം നൽകുന്ന നിലവിലെ ഭരണസമിതിയിൽ നിന്നുള്ള അൻസിബയുടെ പടിയിറക്കം ചലച്ചിത്ര മേഖലയിൽ ചർച്ചയായിട്ടുണ്ട്.
What's Your Reaction?