'അറിവില്ലായ്മ കൊണ്ട് ഉണ്ടായ തെറ്റിന് ക്ഷമ ചോദിക്കുന്നു'; ഗുരുവായൂർ ക്ഷേത്രത്തിലെ റീൽസ് ചിത്രീകരണത്തിൽ ക്ഷമ ചേദിച്ച് ജാസ്‍മിൻ
ക്ഷേത്രത്തിന്റെ കുളപ്പടവുകളിലും നടപ്പുരയിലും വച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ജാസമിൻ റീൽസ് ആയി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്

ഗുരുവായൂർ: ഹൈക്കോടതിയുടെ നിരോധനം മറികടന്ന് ഗുരുവായൂർ ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി യൂട്യൂബർ ജാസ്മിൻ ജാഫർ. യുവതിക്കെതിരെ ഗുരുവായൂർ ദേവസ്വം പോലീസിൽ പരാതി ലഭിച്ചതിനെത്തുടർന്നാണ് സമൂഹമാധ്യമത്തിൽ ക്ഷമാപണം നടത്തുന്ന കുറിപ്പ് ജാസ്മിന്‍ പങ്കുവച്ചത്.
‘‘എന്നെ സ്നേഹിക്കുന്നവർക്കും മറ്റുള്ളവർക്കും ഞാൻ ചെയ്ത ഒരു വീഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസ്സിലാക്കുന്നു. ആരെയും വേദനിപ്പിക്കാൻ വേണ്ടിയോ പ്രശ്നങ്ങൾ ഉണ്ടാകുമെന്നു വിചാരിച്ചോ ചെയ്തതല്ല. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്തുനിന്ന് ഉണ്ടായ തെറ്റിന് ഞാൻ എല്ലാവരോടും ആത്മാർഥമായി ക്ഷമ ചോദിക്കുന്നു’’, ജാസ്മിൻ ജാഫർ സമൂഹ മാധ്യമത്തിൽ കുറിച്ചു.
ക്ഷേത്രത്തിന്റെ കുളപ്പടവുകളിലും നടപ്പുരയിലും വച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ജാസമിൻ റീൽസ് ആയി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ക്ഷേത്രത്തിൽ ആറാട്ട് പോലെയുള്ള ചടങ്ങുകൾ നടക്കുന്ന തീർഥക്കുളത്തിന്റെ പരിപാവനത ലംഘിച്ച് ഹൈക്കോടതിയുടെ നിരോധന മേഖലയിൽ വീഡിയോ ചിത്രീകരിച്ചതിന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ ടെംപിൾ പോലീസിൽ പരാതി നൽകിയിരുന്നു. പരാതി കോടതിക്ക് അയച്ചു. കോടതി നിർദേശപ്രകാരം അന്വേഷണം നടത്തും.
What's Your Reaction?






