സുരേഷ് ഗോപിയുടെ പരിഹാസത്തിന് ഇരയായ ആനന്ദവല്ലിക്ക് 10,000 രൂപ അനുവദിച്ച് കരുവന്നൂര്‍ ബാങ്ക്
മരുന്ന് വാങ്ങുന്നതിനായി ആനന്ദവല്ലി നാല് മാസം മുന്‍പ് ബാങ്കിനെ സമീപിച്ചിരുന്നെങ്കിലും പണം ലഭിച്ചിരുന്നില്ല

തൃശൂർ: സുരേഷ് ഗോപി എം.പിയുടെ പരിഹാസത്തിന് ഇരയായ ആനന്ദവല്ലിക്ക് ബാങ്ക് 10,000 രൂപ അനുവദിച്ച് കരുവന്നൂര്‍ ബാങ്ക്. മരുന്ന് വാങ്ങുന്നതിനായി ആനന്ദവല്ലി നാല് മാസം മുന്‍പ് ബാങ്കിനെ സമീപിച്ചിരുന്നെങ്കിലും പണം ലഭിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം സുരേഷ് ഗോപി പങ്കെടുത്ത ഒരു കലുങ്ക് ചർച്ചയിൽ ആനന്ദവല്ലി ഈ വിഷയം ഉന്നയിച്ചപ്പോൾ "നിങ്ങളുടെ മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
സംഭവം ചർച്ചയായതോടെ, ആനന്ദവല്ലി വീണ്ടും ബാങ്കിൽ അപേക്ഷ നൽകുകയും ആവശ്യപ്പെട്ട തുക ലഭിക്കുകയുമായിരുന്നു. ആനന്ദവല്ലിയുടെ പ്രശ്നം ബാങ്ക് അഡ്മിനിസ്ട്രേറ്ററുടെ ശ്രദ്ധയിൽപ്പെട്ട ഉടൻ പരിഹാരം കണ്ടെന്നാണ് സി.പി.എം. അവകാശപ്പെടുന്നത്. നിലവിൽ 10,000 രൂപയാണ് ലഭിച്ചതെങ്കിലും, ഒരു ലക്ഷം രൂപയിലധികം ഇവർക്ക് ബാങ്കിൽ നിന്ന് ലഭിക്കാനുണ്ട്. ആവശ്യപ്പെടുന്ന മുറയ്ക്ക് ബാക്കി പണം നൽകുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
What's Your Reaction?






