‘ഞാനോ അഭിഷേകോ, ഒരാളെ തിരഞ്ഞെടുക്കൂ’; മമതയ്ക്ക് അന്ത്യശാസനവുമായി വിശ്വസ്തൻ കല്യാൺ ബാനർജി

Jun 11, 2026 - 21:05
Jun 11, 2026 - 21:05
 0
‘ഞാനോ അഭിഷേകോ, ഒരാളെ തിരഞ്ഞെടുക്കൂ’; മമതയ്ക്ക് അന്ത്യശാസനവുമായി വിശ്വസ്തൻ കല്യാൺ ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തി തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് കല്യാൺ ബാനർജി. പാർട്ടി നേതാവും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിക്കെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.

‘‘ഞാനോ, അതോ അഭിഷേക് ബാനർജിയോ, ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാം. ഞാൻ മമതയ്ക്കൊപ്പമാണ്. പക്ഷേ അഭിഷേകിനൊപ്പമോ തൃണമൂലിനൊപ്പമോ നിൽക്കണമെന്നത് മമത തീരുമാനിക്കണം. അഭിഷേകില്ലാതെ പാർട്ടി മുന്നോട്ട് പോകില്ലെന്നാണ് നിലപാടെങ്കിൽ ഞാൻ ഒപ്പമുണ്ടാകില്ല’’ എന്ന് കല്യാൺ ബാനർജി വ്യക്തമാക്കി.

അഭിഷേക് ബാനർജിക്കായി ഇനി കോടതിയിൽ ഹാജരാകില്ലെന്നും മുതിർന്ന അഭിഭാഷകൻ കൂടിയായ അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ചന്ദയുടെ ബെഞ്ചിൽ അഭിഷേകിന്റെ കേസ് പരിഗണിക്കണമെന്ന് താൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നുവെന്നും, എന്നാൽ പിന്നീട് അഭിഷേക് തന്റെ മകനെ വിളിച്ച് മറ്റൊരു അഭിഭാഷകൻ ഹാജരാകുമെന്ന് അറിയിച്ചുവെന്നും കല്യാൺ ബാനർജി ആരോപിച്ചു.

അഭിഷേകിന്റെ അഹങ്കാരം ചിന്തിക്കാനാവാത്ത തരത്തിലാണെന്നും എല്ലാവരും തന്റെ കീഴിലാണെന്നാണ് അദ്ദേഹത്തിന്റെ ധാരണയെന്നും കല്യാൺ ബാനർജി വിമർശിച്ചു. ആരെയും ബഹുമാനിക്കാത്ത സമീപനമാണ് അഭിഷേക് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടി അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ തൃണമൂലിൽ ആഭ്യന്തര ഭിന്നതകൾ ശക്തമാകുന്നുവെന്ന സൂചനയാണ് പുതിയ വിവാദം നൽകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow