ലക്ഷദ്വീപിൽ പ്രതിഷേധങ്ങൾക്ക് കടുത്ത നിയന്ത്രണം; സർക്കാർ സ്ഥാപനങ്ങൾക്ക് സമീപം സമരങ്ങൾക്ക് വിലക്ക്
കൊച്ചി: ലക്ഷദ്വീപിൽ പ്രതിഷേധ പരിപാടികൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രണ്ട് മാസത്തേക്കാണ് പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നത്.
ജില്ലാ മജിസ്ട്രേറ്റ് ശിവം ചന്ദ്രയുടെ ഉത്തരവുപ്രകാരം, ജനവാസമുള്ള എല്ലാ ദ്വീപുകളിലെയും പ്രധാന സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമരാമത്ത് കേന്ദ്രങ്ങൾക്കും ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബിഎൻഎസ്എസ് 163-ാം വകുപ്പ് പ്രകാരമാണ് നടപടി.
ജെട്ടികൾ, ഹെലിപാഡുകൾ എന്നിവയുടെ 150 മീറ്റർ ചുറ്റളവിലും വൈദ്യുതി നിലയങ്ങൾ, ഇന്ധന ഡിപ്പോകൾ, ജലശുദ്ധീകരണ പ്ലാന്റുകൾ, കമ്മ്യൂണിക്കേഷൻ ടവറുകൾ, എസ്‍ഡിഎം/ബിഡിഒ ഓഫീസുകൾ എന്നിവയുടെ 100 മീറ്റർ പരിധിയിലും പ്രതിഷേധങ്ങൾ നടത്തുന്നത് വിലക്കി. കവരത്തിയിലെ ജില്ലാ മജിസ്ട്രേറ്റ് ഓഫീസ്, സെക്രട്ടേറിയറ്റ് എന്നിവയുടെ 100 മീറ്റർ പരിധിയിലും സർക്കാർ ആശുപത്രികളുടെ 50 മീറ്റർ പരിധിയിലും നിയന്ത്രണങ്ങൾ ബാധകമാണ്.
ഈ മേഖലകളിൽ അഞ്ചോ അതിലധികമോ ആളുകൾ പ്രതിഷേധ ലക്ഷ്യത്തോടെ ഒത്തുകൂടുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ട്. മുദ്രാവാക്യം വിളിക്കൽ, ഉച്ചഭാഷിണി ഉപയോഗം, പ്രകോപനപരമായ ബാനറുകൾ പ്രദർശിപ്പിക്കൽ, റോഡ് തടയൽ, പൊതുമുതൽ നശിപ്പിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലിയിൽ തടസം സൃഷ്ടിക്കൽ എന്നിവയ്ക്കും വിലക്കേർപ്പെടുത്തി.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ബിഎൻഎസ് 223-ാം വകുപ്പ് പ്രകാരം ആറുമാസം വരെ തടവോ പിഴയോ ശിക്ഷ ലഭിക്കാമെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകി.
അതേസമയം, ജനാധിപത്യ അവകാശങ്ങൾക്ക് മേലുള്ള നിയന്ത്രണമാണ് ഇതെന്ന് ലക്ഷദ്വീപ് എംപി ഹംദുള്ള സെയ്ദ് ആരോപിച്ചു. സർക്കാർ സ്വീകരിച്ചുവരുന്ന നടപടികളുടെ തുടർച്ചയാണ് പുതിയ ഉത്തരവെന്നും അദ്ദേഹം വിമർശിച്ചു. പാർട്ടി പ്രവർത്തകരുമായും ജനങ്ങളുമായും ചർച്ച ചെയ്തശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും എംപി വ്യക്തമാക്കി.
അമിനി, അഗത്തി, ആൻഡ്രോത്ത്, കവരത്തി ദ്വീപുകളിലായി അടുത്തിടെ നടന്ന പ്രതിഷേധങ്ങളും സംഘർഷങ്ങളുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണമായതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
What's Your Reaction?



