തമിഴ്‌നാടിനെ നടുക്കി പത്തുവയസ്സുകാരിയുടെ കൊലപാതകം: രണ്ട് പേർ അറസ്റ്റിൽ, സുലൂരിൽ വൻ പ്രതിഷേധം
കോയമ്പത്തൂർ സുലൂരിലെ കണ്ണമ്പാളയം തടാകത്തിന് സമീപം പത്തുവയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം തമിഴ്‌നാട്ടിൽ വൻ ജനരോഷത്തിന് കാരണമാകുന്നു. കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കാർത്തിക്, മോഹൻ രാജ് എന്നിവരെ സുലൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ക്രൂരമായ ഈ കൊലപാതക വാർത്ത പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് പ്രദേശത്ത് ആളിപ്പടരുന്നത്. നീതി ഉറപ്പാക്കണമെന്നും പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും സുലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി. നൂറുകണക്കിന് വിദ്യാർഥികളും പൊതുജനങ്ങളും റോഡ് ഉപരോധിച്ച് രംഗത്തിറങ്ങിയതോടെ പ്രദേശം സംഘർഷഭരിതമായി. ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയിൽ നിന്ന് നേരിട്ട് ഉറപ്പ് ലഭിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പെൺകുട്ടിയുടെ കുടുംബം.
ജനരോഷം ശക്തമായതോടെ പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് രംഗത്തെത്തി. സംഭവം അങ്ങേയറ്റം ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്നും ഇത്തരം കിരാത നടപടികൾ തമിഴ്‌നാട്ടിൽ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ വിട്ടുവീഴ്ചയില്ലാത്ത അന്വേഷണവും കർശന നടപടിയും മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. കേസിന്റെ അന്വേഷണ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിനായി തമിഴ്‌നാട് ഡിജിപി സന്ദീപ് റായ് റാത്തോർ ഉടനടി കോയമ്പത്തൂരിലേക്ക് തിരിച്ചു.
അതേസമയം, ഈ ദാരുണ സംഭവം തമിഴ്‌നാട്ടിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്. ടിവികെ സർക്കാരിന്റെ കീഴിൽ സംസ്ഥാനത്തെ ക്രമസമാധാനനില പൂർണ്ണമായും തകർന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷമായ ഡിഎംകെ രംഗത്തെത്തി. ഇതിനിടെ, തമിഴ്‌നാട് മന്ത്രി എം.എസ്. സമ്പത്തും സുലൂർ മണ്ഡലത്തിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ടിവികെ എംഎൽഎ എൻ.എം. സുകുമാറും ആശുപത്രി സന്ദർശിച്ച് പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ട് ആശ്വാസം അറിയിക്കുകയും സർക്കാരിന്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
What's Your Reaction?



