നിപ സ്ഥിരീകരിച്ച രോഗിയുടെ നില ഗുരുതരം, 77 പേർ സമ്പർക്കപ്പട്ടികയിൽ

Jun 11, 2026 - 20:45
Jun 11, 2026 - 20:46
 0
നിപ സ്ഥിരീകരിച്ച രോഗിയുടെ നില ഗുരുതരം, 77 പേർ സമ്പർക്കപ്പട്ടികയിൽ

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലവും പോസിറ്റീവായതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. ഫറൂഖ് കോളേജിന് സമീപം താമസിക്കുന്ന രോഗിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) അടിയന്തര യോഗം ചേർന്നു. രാമനാട്ടുകര അഞ്ചാം ഡിവിഷനിലെ 50 വീടുകൾ ഉൾപ്പെടുത്തി പ്രത്യേക ക്ലസ്റ്ററുകൾ രൂപീകരിക്കാനാണ് തീരുമാനം. ആർആർടി സംഘം വീടുകളിലെത്തി പരിശോധന നടത്തുകയും രോഗലക്ഷണമുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും.

രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്ന 13 പേരെ ഒരു വീട്ടിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. നിലവിൽ 77 പേരുടെ സമ്പർക്കപ്പട്ടികയാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ 14 കുടുംബാംഗങ്ങളും 58 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു.

സമ്പർക്കപ്പട്ടികയിലുള്ളവരിൽ നിലവിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ മാത്രമേ പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow