കോക്രോച്ച് ജനത പാര്‍ട്ടി സമരത്തിന് പിന്നാലെ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

Jun 11, 2026 - 10:33
Jun 11, 2026 - 10:45
 0
കോക്രോച്ച് ജനത പാര്‍ട്ടി സമരത്തിന് പിന്നാലെ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ഗസ്റ്റ് അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്ത് ഹരിയാന വിദ്യാഭ്യാസ വകുപ്പ്. റോഹ്തക്ക് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഗസ്റ്റ് അധ്യാപികയായ സുലേഖ ദലാലിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ ജൂണ്‍ 6ന് നടന്ന പ്രതിഷേധ പരിപാടിയില്‍ സുലേഖ ദലാല്‍ പ്രസംഗിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റോഹ്തക്ക് ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസര്‍ ജൂണ്‍ 10ന് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്. ജൂണ്‍ 8 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തിലാണ് നടപടി.

ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങാതെയാണ് അധ്യാപിക ഓഫീസ് ആസ്ഥാനത്ത് നിന്ന് വിട്ടുനിന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ സസ്‌പെന്‍ഷനിലേക്കെത്തിച്ച മറ്റ് കാരണങ്ങള്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, ഒരു രാഷ്ട്രീയ പ്രവര്‍ത്തകയായല്ല മറിച്ച് മത്സര പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ഥിയുടെ അമ്മയെന്ന നിലയിലാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതെന്ന് സുലേഖ ദലാല്‍ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകളുടെ നടത്തിപ്പിനെ ചൊല്ലിയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെയുടെ ആഹ്വാനപ്രകാരമായിരുന്നു ജന്തര്‍ മന്ദിറിലെ പ്രതിഷേധം സംഘടിപ്പിച്ചത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow