അഞ്ച് സബ്സിഡി ഇനങ്ങളുടെ വില കുറച്ച് സപ്ലൈകോ; നാളെ മുതല്‍ പുതിയ വില
തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വന്‍പയര്‍ എന്നിവയുടെ വിലയാണ് കുറച്ചത്.

തിരുവനന്തപുരം: അഞ്ച് സബ്സിഡി ഇനങ്ങളുടെ വില കുറച്ച് സപ്ലൈകോ. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വന്‍പയര്‍ എന്നിവയുടെ വിലയാണ് കുറച്ചത്. നാലുമുതല്‍ പത്തുരൂപ വരെയാണ് കുറച്ചത്. സാധാരണക്കാരായ ജനങ്ങളെ പരമാവധി സഹായിക്കുന്ന നിലപാടാണ് സപ്ലൈകോ എക്കാലവും സ്വീകരിച്ചിട്ടുള്ളതെന്ന് വകുപ്പ് മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു. ഉത്സവ സീസണുകളില്‍ വിപണി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ - പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിഷു, ഈസ്റ്റര്‍ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പഴവങ്ങാടി പീപ്പിള്‍സ് ബസാറില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ തെരഞ്ഞെടുത്ത സപ്ലൈകോ ഔട്ട്ലറ്റുകളില്‍ ഏപ്രില്‍ 19 വരെയാണ് ഉത്സവകാല ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. വിഷു - ഈസ്റ്റര്‍ കാലയളവിലും ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസമേകുന്ന നിലപാടാണ് സപ്ലൈകോ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായി തുവര പരിപ്പിന്റെ വില 115 രൂപയില്‍ നിന്ന് 105 രൂപയായും ഉഴുന്നിന്റെ വില 95 രൂപയില്‍ നിന്ന് 90 രൂപയായും വന്‍കടലയുടെ വില 69 രൂപയില്‍ നിന്ന് 65 രൂപയായും വന്‍പയറിന്റെ വില 79 രൂപയില്‍ നിന്ന് 75 രൂപയായും മുളക് 500 ഗ്രാമിന് 68.25 രൂപയില്‍ നിന്ന് 57.75 രൂപയായും കുറച്ചിട്ടുണ്ട്. ഏപ്രില്‍ 11 മുതല്‍ തന്നെ വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് സപ്ലൈകോ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
What's Your Reaction?






