ഇൻഡിഗോ പ്രതിസന്ധി: 'വീഴ്ച കമ്പനിയുടെ ഭാഗത്തുനിന്ന്' എന്ന് സി.ഇ.ഒ; കാരണം കാണിക്കൽ നോട്ടീസ് നൽകി, കടുത്ത നടപടിക്ക് സാധ്യത
യോഗത്തിൽ ഇൻഡിഗോയ്‌ക്കെതിരെ കടുത്ത വിമർശനമാണ് വ്യോമയാന മന്ത്രാലയവും ഡി.ജി.സി.എ.യും ഉന്നയിച്ചത്
ന്യൂഡൽഹി: വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയ സംഭവത്തിൽ വീഴ്ച സംഭവിച്ചത് ഇൻഡിഗോയുടെ ഭാഗത്തുനിന്നാണ് എന്ന് സി.ഇ.ഒ. പീറ്റർ എൽബേഴ്സ് സമ്മതിച്ചു. ശനിയാഴ്ച വൈകുന്നേരം വ്യോമയാന മന്ത്രാലയം, ഡി.ജി.സി.എ. അധികൃതർ എന്നിവരുമായി ഡൽഹിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുസമ്മതിച്ചത്.
യോഗത്തിൽ ഇൻഡിഗോയ്‌ക്കെതിരെ കടുത്ത വിമർശനമാണ് വ്യോമയാന മന്ത്രാലയവും ഡി.ജി.സി.എ.യും ഉന്നയിച്ചത്. എഫ്.ഡി.ടി.എൽ. പുതിയ വ്യവസ്ഥകൾ പ്രകാരം പല സർവീസുകളും പുനഃക്രമീകരിക്കാനും പൈലറ്റുമാരുടെയും എയർഹോസ്റ്റസുമാരുടെയും ഡ്യൂട്ടി സമയം ക്രമീകരിക്കാനും ഇൻഡിഗോയ്ക്ക് സാധിച്ചില്ല. ഇതിലെല്ലാം പാളിച്ച സംഭവിച്ചു എന്നാണ് ഡി.ജി.സി.എ. റിപ്പോർട്ട്.
കോസ്റ്റ് കട്ടിംഗിൻ്റെ ഭാഗമായി പുതിയ പൈലറ്റുമാരെയും ക്രൂ ജീവനക്കാരെയും ജോലിക്കെടുക്കുന്നത് ഇൻഡിഗോ നിർത്തിവെച്ചിരുന്നു. ഇതെല്ലാം സർവീസുകൾ തടസ്സപ്പെടാൻ കാരണമായെന്ന് ഡി.ജി.സി.എ. ചൂണ്ടിക്കാട്ടി.
യോഗത്തിനു പിന്നാലെ ശനിയാഴ്ച രാത്രിയോടെ ഇൻഡിഗോ സി.ഇ.ഒയ്ക്ക് നേരിട്ട് ഡി.ജി.സി.എ. രണ്ടാമത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഞായറാഴ്ച രാത്രിക്കകം പീറ്റർ എൽബേഴ്സ് മറുപടി നൽകണം. മറുപടി തൃപ്തികരമല്ലെങ്കിൽ കര്‍ശനമായ നടപടിയുണ്ടാകും എന്നും താക്കീത് നൽകിയിട്ടുണ്ട്. അത്തരമൊരു സാഹചര്യമുണ്ടായാൽ പീറ്റർ എൽബേഴ്സിനെ സി.ഇ.ഒ. സ്ഥാനത്തുനിന്ന് നീക്കാൻ ഇൻഡിഗോ തീരുമാനമെടുത്തേക്കാം എന്നും വിവരമുണ്ട്.
റീഫണ്ട് നൽകുന്നതിനുള്ള ഇൻഡിഗോയ്ക്ക് അനുവദിച്ചിരുന്ന സമയം ഇന്ന് (ഞായറാഴ്ച) രാത്രി 8 മണിയോടെ അവസാനിക്കും. കാണാതായ ലഗേജുകൾ കണ്ടെത്തി തിരികെ നൽകുക, റീഷെഡ്യൂൾ ചെയ്തു നൽകുക തുടങ്ങിയ കാര്യങ്ങൾക്കുള്ള സമയം നാളെ (തിങ്കളാഴ്ച) അവസാനിക്കും. തിങ്കളാഴ്ചയോടെ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് കൊണ്ടുവരണം എന്നാണ് വ്യോമയാന മന്ത്രാലയത്തിൻ്റെ അന്ത്യശാസനം.
ഈ കാര്യങ്ങൾ പാലിക്കപ്പെടാത്തപക്ഷം കടുത്ത നടപടികളായിരിക്കും ഇൻഡിഗോയ്ക്ക് നേരിടേണ്ടിവരിക. ഡി.ജി.സി.എ. രൂപീകരിച്ചിരിക്കുന്ന അന്വേഷണ കമ്മിറ്റി അടുത്ത 15 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകും. അതിൻ്റെ അടിസ്ഥാനത്തിൽ ഇൻഡിഗോയിലെ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകാൻ സാധ്യതയുണ്ട്.
What's Your Reaction?

