ഹൈക്കോടതി ഇനി കളമശേരിയിലേക്ക്; മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നല്‍കി
2023ൽ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും പങ്കെടുത്ത വാർഷിക യോഗത്തിലെ തീരുമാനങ്ങളുടെ തുടർച്ചയായാണ് ഈ മന്ത്രിസഭാ തീരുമാനം
കൊച്ചി: എറണാകുളം നഗരമധ്യത്തിലുള്ള ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റാൻ മന്ത്രിസഭാ യോഗം തത്വത്തിൽ ഇന്ന് അംഗീകാരം നൽകി. കളമശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. എച്ച്.എം.ടിയുടെ കൈവശമുള്ള 27 ഏക്കർ ഭൂമി ഇതിനായി ഏറ്റെടുക്കും. പദ്ധതിയുടെ പ്രാരംഭ നടപടികൾക്കായി ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി.
2023ൽ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും പങ്കെടുത്ത വാർഷിക യോഗത്തിലെ തീരുമാനങ്ങളുടെ തുടർച്ചയായാണ് ഈ മന്ത്രിസഭാ തീരുമാനം. ഇതിന്റെ ഭാഗമായി, നിയമമന്ത്രി പി. രാജീവിന്‍റെയും ഹൈക്കോടതി ജസ്റ്റിസുമാരുടെയും നേതൃത്വത്തിലുള്ള സംഘം കളമശേരിയിലെ സ്ഥലം സന്ദർശിച്ച് പദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കിയിരുന്നു.
പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ പ്രാഥമിക രൂപരേഖ അനുസരിച്ച്, 27 ഏക്കർ ഭൂമിയിൽ 12 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിട സൗകര്യങ്ങളും മറ്റ് ആധുനിക സൗകര്യങ്ങളുമുള്ള ഒരു രാജ്യാന്തര നിലവാരമുള്ള ജുഡീഷ്യൽ സിറ്റിയാണ് വിഭാവനം ചെയ്യുന്നത്.
What's Your Reaction?

