സുഡാനില്‍ 460 സാധാരണക്കാര്‍ കൊല്ലപ്പെട്ടു; സൈനിക ശക്തികേന്ദ്രം പിടിച്ചെടുത്ത് ആര്‍.എസ്.എഫ്
മുൻപ് സുഡാൻ സർക്കാരിന് കീഴിൽ പ്രവർത്തിച്ചിരുന്ന അർദ്ധസൈനിക വിഭാഗമായിരുന്നു RSF
ഖാര്‍ത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം രൂക്ഷമാകുന്നതിനിടെ, റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (RSF) ഡാർഫർ മേഖലയിലെ സുഡാൻ സൈന്യത്തിൻ്റെ പ്രധാന ശക്തികേന്ദ്രം പിടിച്ചെടുക്കുകയും നൂറുകണക്കിന് സാധാരണക്കാരെ കൊലപ്പെടുത്തുകയും ചെയ്തു. മുൻപ് സുഡാൻ സർക്കാരിന് കീഴിൽ പ്രവർത്തിച്ചിരുന്ന അർദ്ധസൈനിക വിഭാഗമായിരുന്നു RSF.
രാജ്യത്തിൻ്റെ പടിഞ്ഞാറൻ ഡാർഫർ മേഖലയിലെ എൽ ഫാഷർ നഗരം RSF കഴിഞ്ഞ ദിവസം പിടിച്ചെടുത്തു. സുഡാൻ സൈന്യത്തിൻ്റെ മേഖലയിലെ അവസാന ശക്തികേന്ദ്രമായിരുന്നു എൽ ഫാഷർ. എൽ ഫാഷർ പിടിച്ചെടുത്തതിന് പിന്നാലെ നൂറുകണക്കിന് സാധാരണക്കാരെയാണ് RSF കൊലപ്പെടുത്തിയത്. എൽ ഫാഷറിലെ പ്രധാന ആശുപത്രിയായിരുന്ന സൗദി ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന 460 സാധാരണക്കാരാണ് RSF-ൻ്റെ ക്രൂരതയ്ക്ക് ഇരയായത്. രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെ ആശുപത്രിയിലെ മുഴുവൻ ആളുകളെയും RSF കൊന്നൊടുക്കുകയായിരുന്നെന്ന് സുഡാൻ ഡോക്ടേഴ്‌സ് നെറ്റ്‌വർക്ക് (SDN) അറിയിച്ചു.
നാല് ഡോക്ടർമാർ ഉൾപ്പെടെ ആറ് ആരോഗ്യപ്രവർത്തകരെ RSF തട്ടിക്കൊണ്ടുപോയതായും, ഇവരെ വിട്ടയക്കുന്നതിനായി ഒന്നര ലക്ഷം ഡോളർ ആവശ്യപ്പെട്ടതായും വിവരമുണ്ട്. ഈ കൂട്ടക്കൊലയെ ലോകാരോഗ്യ സംഘടന (WHO) അപലപിക്കുകയും സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
2023 ഏപ്രിൽ മുതൽ RSF സുഡാൻ സൈന്യവുമായി ആഭ്യന്തരയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. പതിനെട്ട് മാസത്തോളം നീണ്ട ആക്രമണത്തിന് ശേഷമാണ് ഞായറാഴ്ച എൽ ഫാഷർ RSF പിടിച്ചെടുത്തത്. 2023 ഏപ്രിലിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത് മുതൽ, അറബ് ഇതര ഗോത്രവിഭാഗങ്ങളെ RSF-ഉം അവരുടെ അറബ് കൂട്ടാളികളും ലക്ഷ്യമിടുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു.
എൽ ഫാഷർ RSF-ൻ്റെ പിടിയിലായതോടെ അറബ് ഇതര വിഭാഗക്കാർ ഉൾപ്പെടെ രണ്ടര ലക്ഷത്തിലധികം ആളുകൾ നഗരത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ വിലയിരുത്തൽ. ആശയവിനിമയ സംവിധാനങ്ങൾ റദ്ദാക്കിയത് സ്ഥിതിഗതികൾ അറിയുന്നതിന് തടസ്സമുണ്ടാക്കുന്നു.
നിലവിൽ ഡാർഫർ, സമീപപ്രദേശമായ കോർദോഫാൻ എന്നിവിടങ്ങൾ RSF ഇതിനകം പിടിച്ചടക്കി കഴിഞ്ഞു. രാജ്യതലസ്ഥാനമായ ഖാർത്തൂം, മധ്യ-കിഴക്കൻ പ്രദേശങ്ങൾ എന്നിവ സുഡാൻ സൈന്യത്തിൻ്റെ നിയന്ത്രണത്തിലാണ്. മുൻപ് സഖ്യകക്ഷികളായിരുന്ന RSF-ഉം സൈന്യവും 2021-ലെ അട്ടിമറിക്ക് പിന്നാലെ സംയുക്തമായാണ് അധികാരത്തിലെത്തിയത്. എന്നാൽ, സിവിലിയൻ ഭരണത്തിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്ക് നയിച്ചത്.
What's Your Reaction?

