ചാലക്കുടി പാലം അറ്റകുറ്റപ്പണി: വാഹനക്കുരുക്കിൽ വീർപ്പുമുട്ടി ദേശീയപാത
ദേശീയപാതയിൽ ചാലക്കുടിപ്പുഴയ്ക്കു കുറകെയുള്ള തൃശൂർ ദിശയിലേയ്ക്കുള്ള പാലത്തിൽ പുരോഗമിക്കുന്ന അറ്റകുറ്റപ്പണികൾ മൂന്നാം ദിവസവും പിന്നിടുമ്പോൾ മേഖലയിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമാകുന്നു. അരനൂറ്റാണ്ട് പഴക്കമുള്ള പാലത്തിന്റെ ബെയറിങ്ങുകൾ 25 വർഷത്തിന് ശേഷമാണ് ഇപ്പോൾ മാറ്റിസ്ഥാപിക്കുന്നത്. ആകെ 42 ബെയറിങ്ങുകളുള്ള പാലത്തിൽ ഇതിനകം 15 എണ്ണം മാറ്റി കഴിഞ്ഞു. മഹാരാഷ്ട്രയിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളുടെ സഹായത്തോടെ ഗുരുവായൂർ ഇൻഫ്രാ സ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡാണ് ജോലികൾക്ക് നേതൃത്വം നൽകുന്നത്.
പാലത്തിന്റെ സ്പാനുകൾക്കിടയിലുള്ള ടാറിങ് നീക്കം ചെയ്ത് എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റിയ ശേഷമാണ് പഴയ ബെയറിങ്ങുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നത്. ഇനി 27 ബെയറിങ്ങുകൾ കൂടി മാറ്റാനുണ്ട്. ഈ ജോലികൾ പൂർത്തിയാക്കി ടാറിങ്ങും നടപ്പാതയിലെ സ്ലാബുകൾ പുനഃസ്ഥാപിക്കുന്നതും അടക്കമുള്ള പ്രവർത്തനങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ തീർക്കാനാണ് ലക്ഷ്യമിടുന്നത്. ജൂൺ മാസം സ്കൂൾ തുറക്കുന്നതിന് മുൻപായി പണികൾ പൂർത്തിയാക്കി പാലം തുറന്നുകൊടുക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. മഴ കനക്കുന്നതിന് മുൻപ് പണി തീർക്കാനുള്ള തീവ്രശ്രമത്തിലാണ് കരാർ കമ്പനി.
അതേസമയം, പാലം അടച്ചതോടെ ഇരുദിശകളിലേക്കുമുള്ള വാഹനങ്ങൾ എറണാകുളം ഭാഗത്തേക്കുള്ള പാലത്തിലൂടെ മാത്രമായി കടത്തിവിടുന്നത് ദേശീയപാതയിൽ കിലോമീറ്ററുകളോളം നീളുന്ന ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇന്നലെ രാവിലെയും വൈകിട്ടും വാഹനങ്ങളുടെ നീണ്ട നിര മുരിങ്ങൂർ മുതൽ ഡിവൈൻ നഗർ വരെയും ചാലക്കുടി മേൽപാലത്തിന് അപ്പുറത്തേക്കും നീണ്ടു. മഴക്കാലത്തിന് മുൻപായി പണികൾ തീർന്നില്ലെങ്കിൽ മേഖലയിലെ യാത്രാക്ലേശം ഇനിയും രൂക്ഷമാകാൻ സാധ്യതയുണ്ട്.
What's Your Reaction?