കക്കോടി ബാലകൃഷ്ണന്റെ മരണം: രണ്ട് വര്‍ഷത്തിന് ശേഷം വന്‍ വഴിത്തിരിവ്; പ്രതികളായ വിദ്യാര്‍ത്ഥികള്‍ ഉടന്‍ പിടിയിലാകും, ഒരു പിതാവ് അറസ്റ്റില്‍
കോഴിക്കോട്: കക്കോടി സ്വദേശി ബാലകൃഷ്ണന്‍ കൂടത്തുംപൊയിലിൽ വെച്ച് ബൈക്കിടിച്ചു മരിച്ച കേസില്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം നിർണായക വഴിത്തിരിവ്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ ഓടിച്ച ബൈക്കാണ് കാല്‍നടയാത്രക്കാരനായിരുന്ന ബാലകൃഷ്ണനെ ഇടിച്ചു വീഴ്ത്തിയതെന്ന് പോലീസ് കണ്ടെത്തി. പ്രതികളായ വിദ്യാര്‍ത്ഥികളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇവർക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കോടതിയുടെ പ്രത്യേക അനുമതിയോടെ മാത്രമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.
കേസുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളുടെ പിതാവിനെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിനും, അപകടത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി വാഹനം മോഡിഫൈ ചെയ്തതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വാഹനം രൂപമാറ്റം വരുത്താന്‍ സഹായിച്ച മറ്റ് നാല് പേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
2024 ജനുവരി 12-ാം തീയതി രാത്രിയിലുണ്ടായ ഈ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണൻ തൊട്ടടുത്ത ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെടുന്നത്. തുടക്കത്തില്‍ ലോക്കൽ പോലീസ് അന്വേഷിച്ചെങ്കിലും പ്രതികളെ കണ്ടെത്താനാകാതെ കേസ് അവസാനിപ്പിക്കാന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാൽ, കേസ് അത്രപെട്ടെന്ന് ക്ലോസ് ചെയ്യാൻ കോടതി തയ്യാറായില്ല. കോടതിയുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് പുനരന്വേഷണം പ്രഖ്യാപിച്ചതോടെയാണ് രണ്ടു വർഷമായി മറഞ്ഞുനിന്ന പ്രതികളെയും ഒളിപ്പിച്ചുവെച്ച സത്യങ്ങളും വെളിച്ചത്തുകൊണ്ടുവരാൻ പോലീസിന് സാധിച്ചത്.
What's Your Reaction?



