കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം വൈകി; അഞ്ചു മൃതദേഹങ്ങളുമായി മണിക്കൂറുകളോളം കാത്ത് ബന്ധുക്കൾ, പ്രതിഷേധം ശക്തം

Jun 14, 2026 - 18:24
Jun 14, 2026 - 18:28
 0
കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം വൈകി; അഞ്ചു മൃതദേഹങ്ങളുമായി മണിക്കൂറുകളോളം കാത്ത് ബന്ധുക്കൾ, പ്രതിഷേധം ശക്തം

കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ വൈകിയതിനെ തുടർന്ന് ബന്ധുക്കളുടെ പ്രതിഷേധം ശക്തമായി. രാവിലെ എട്ടുമണി മുതൽ അഞ്ചു മൃതദേഹങ്ങളുമായി ബന്ധുക്കൾ ആശുപത്രി പരിസരത്ത് കാത്തുനിൽക്കുകയായിരുന്നു.

 പോസ്റ്റ്മോർട്ടം നിർവഹിക്കേണ്ട ഡോക്ടർ അവധിയിലായിരുന്നുവെന്നും പകരം മറ്റൊരു ഡോക്ടറെ നിയോഗിക്കാതിരുന്നതുമാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് ആരോപണം.

സംഭവത്തിൽ ആശുപത്രിക്ക് മുന്നിൽ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.

 പരാതികളും പ്രതിഷേധവും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും സമയബന്ധിതമായ ഇടപെടൽ ഉണ്ടായില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ആശുപത്രി സൂപ്രണ്ടും അവധിയിലായിരുന്ന സാഹചര്യത്തിൽ പകരം ചുമതലയുള്ള ഉദ്യോഗസ്ഥരിൽ നിന്നുമുള്ള പ്രതികരണവും ലഭിച്ചില്ല.

സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ കൊല്ലം ഈസ്റ്റ് പൊലീസ് ആശുപത്രിയിലെത്തി നടപടികൾ ഏകോപിപ്പിച്ചു. ആംബുലൻസിലുണ്ടായിരുന്ന മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. പരാതിയെ തുടർന്ന് ഡോക്ടർ ആശുപത്രിയിലെത്തി പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലാ കളക്ടർ വിഷയത്തിൽ നേരിട്ട് ഇടപെട്ടിട്ടുണ്ട്. ഇന്ന് തന്നെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അറിയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow