ഡൽഹി: ഇന്ത്യ - റഷ്യ ബന്ധം ശക്തമാക്കുന്നതിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരട്ട താരകം പോലെ നിലനിൽക്കുന്ന ഈ സൗഹൃദത്തിന് പുടിൻ നൽകിയ സംഭാവന വളരെ വലുതാണെന്നും മോദി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഹൈദരാബാദ് ഹൗസിൽ വാർഷിക ഉച്ചകോടിക്കും ഉഭയകക്ഷി ചർച്ചയ്ക്കും ശേഷം മോദിയും പുടിനും നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി. റഷ്യയുമായി കപ്പൽ നിർമ്മാണ കരാറുകളിൽ ഇന്ത്യ ഒപ്പുവച്ചു. തൊഴിൽ, കുടിയേറ്റം എന്നിവയിൽ രണ്ടു കരാറുകളിലും ആരോഗ്യം, ഷിപ്പിങ് എന്നീ മേഖലകളിലുമാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുള്ളത്.
2030 വരെ സാമ്പത്തിക സഹകരണ പദ്ധതി തയ്യാറാക്കിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം റഷ്യയിൽ നിന്ന് ഇന്ത്യ കൂടുതൽ രാസവളം വാങ്ങുന്നതിലും ധാരണയായി. സ്വതന്ത്ര വ്യാപാര കരാറിനുള്ള ശ്രമം തുടരുന്നതായും സംയുക്തമായി യൂറിയ ഉൽപ്പാദനത്തിന് ധാരണയായതായും മോദി അറിയിച്ചു. സൈനികേതര ആണവോർജ്ജ രംഗത്ത് സഹകരണം കൂട്ടും. റഷ്യ യുക്രെയ്ൻ സംഘർഷം തീർക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നതായും മോദി അറിയിച്ചു.