അദിതി വധക്കേസ്: പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ്
ഇരുവരും രണ്ട് ലക്ഷം രൂപ വീതം പിഴയടക്കണം
കോഴിക്കോട്: അഞ്ചര വയസുകാരിയായ അദിതി എസ്. നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ച് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാം പ്രതിയും രണ്ടാനമ്മയുമായ റംലബീഗം എന്ന ദേവിക അന്തർജനം എന്നിവർക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
ഇരുവരും രണ്ട് ലക്ഷം രൂപ വീതം പിഴയടക്കണം. ജസ്റ്റിസുമാരായ വി. രാജാവിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിചാരണക്കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിൽ വിധി പറഞ്ഞത്. പ്രതികളെ ഇന്നലെ രാത്രി നടക്കാവ് പോലീസ് രാമനാട്ടുകരയിൽ നിന്ന് കസ്റ്റഡിയിലെടുത്തു.
2013 ഏപ്രിൽ 29നാണ് തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് അതിദി എസ്. നമ്പൂതിരി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കുട്ടിയുടെ ദേഹത്ത് പൊള്ളലുകളും മർദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. അച്ഛനും രണ്ടാനമ്മയും ചേർന്ന് മർദ്ദിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസിൻ്റെയും പ്രോസിക്യൂഷൻ്റെയും വാദം.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഞരമ്പിനേറ്റ ക്ഷതമാണെന്ന് രേഖപ്പെടുത്തിയിരുന്നു. ഈ ക്ഷതം എങ്ങനെ ഉണ്ടായെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്തതിനെ തുടർന്ന് വിചാരണക്കോടതിയിൽ കൊലക്കുറ്റം തെളിയിക്കാനായില്ല. തുടർന്ന് പ്രതികൾക്ക് യഥാക്രമം രണ്ടും മൂന്നും വർഷം കഠിന തടവ് മാത്രമാണ് കോടതി ശിക്ഷ വിധിച്ചത്. പെൺകുട്ടിയുടെ 10 വയസുകാരനായ സഹോദരൻ്റെ സാക്ഷിമൊഴി ഉൾപ്പെടെ പരിഗണിക്കുമ്പോൾ കൊലപാതകക്കുറ്റത്തിന് മതിയായ തെളിവുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി.
അതിക്രൂരമായ മർദ്ദനമേറ്റാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയതെന്ന വസ്തുത നിലനിൽക്കെ, കൊലക്കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതി വിചാരണക്കോടതി വിധി തിരുത്തി കടുത്ത ശിക്ഷ വിധിച്ചത്.
What's Your Reaction?

