വിജയ് വിമലിന് ജാമ്യമില്ല; ഇഡി ആക്രമണക്കേസ് ഗുരുതരമെന്ന് കോടതി
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്.
ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം ഗുരുതര കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതിഷേധക്കാരെ നീക്കാൻ ശ്രമിച്ച പൊലീസുകാരന് നേരെ കല്ലേറുണ്ടായെന്നും, അൽപം മാറിയിരുന്നെങ്കിൽ കാഴ്ച നഷ്ടപ്പെടാൻ വരെ സാധ്യത ഉണ്ടായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിൽ പ്രതികളുടെ പങ്ക് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും, പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും കോടതി വ്യക്തമാക്കി. ജാമ്യം അനുവദിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ ആഴ്ചയാണ് കേസിലെ 26-ാം പ്രതിയായ വിജയ് വിമലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ നിന്നാണ് അറസ്റ്റ് നടന്നത്. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് അംഗവും കേരള സർവകലാശാല യൂണിയൻ മുൻ ചെയർമാനുമാണ് വിജയ് വിമൽ.
അതേസമയം, സംഘർഷത്തിൽ വിജയ് വിമൽ പങ്കെടുത്തിരുന്നില്ലെന്നാണ് എസ്‌എഫ്‌ഐയുടെ വാദം. പുതിയ അധ്യയനവർഷം ആരംഭിക്കാനിരിക്കെ സംഘടനാ നേതാക്കളെ ലക്ഷ്യമിട്ടുള്ള പൊലീസ് നടപടിയാണിതെന്നും എസ്‌എഫ്‌ഐ ആരോപിച്ചു.
What's Your Reaction?



