തൃണമൂലിൽ കലാപം; 58 എംഎൽഎമാരുടെ പിന്തുണയുമായി ഋതബ്രത പ്രതിപക്ഷ നേതാവ്, മമതയ്ക്ക് കനത്ത തിരിച്ചടി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനുള്ളിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടതായി റിപ്പോർട്ട്. പാർട്ടി വിട്ട വിമതനേതാവ് ഋതബ്രത ബാനർജിയെ 58 എംഎൽഎമാരുടെ പിന്തുണയുടെ അടിസ്ഥാനത്തിൽ നിയമസഭാ സ്പീക്കർ പ്രതിപക്ഷ നേതാവായി അംഗീകരിച്ചു. ഇതോടെ പ്രതിപക്ഷത്തിന് അനുവദിച്ചിരിക്കുന്ന നിയമസഭാ മുറികളുടെ താക്കോലുകളും അദ്ദേഹത്തിന് കൈമാറി.
ശോഭൻദേബ് ചതോപാധ്യയയെ പ്രതിപക്ഷ നേതാവാക്കണമെന്ന മമതാ ബാനർജി വിഭാഗത്തിന്റെ ആവശ്യം സ്പീക്കർ പരിഗണിച്ചില്ല. ആകെ 80 എംഎൽഎമാരുള്ള തൃണമൂൽ കോൺഗ്രസിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെ പിന്തുണ വിമത വിഭാഗത്തിനുണ്ടെന്നാണ് റിപ്പോർട്ട്.
പാർട്ടിയുടെ യഥാർഥ അവകാശികൾ തങ്ങളാണെന്നും മമതാ ബാനർജിയുടെയും അഭിഷേക് ബാനർജിയുടെയും നേതൃത്വം അംഗീകരിക്കാനാകില്ലെന്നും ഋതബ്രത ബാനർജി നേരത്തെ വ്യക്തമാക്കിയിരുന്നു. ആവശ്യമായ അംഗബലം ഉള്ളതിനാൽ കൂറുമാറ്റ നിരോധന നിയമത്തിലെ പ്രതിസന്ധികളും വിമത വിഭാഗം മറികടക്കുമെന്നാണ് വിലയിരുത്തൽ.
ഇതിനിടെ, കൊൽക്കത്ത മേയറും മമതയുടെ അടുത്ത അനുയായിയുമായ ഫിർഹാദ് ഹക്കീം മേയർ സ്ഥാനം രാജിവെച്ചതും പാർട്ടിക്ക് തിരിച്ചടിയായി. ഇന്ന് രാവിലെ പാർട്ടിയുടെ വിവിധ കമ്മിറ്റികളും പോഷക സംഘടനകളും പിരിച്ചുവിട്ടിരുന്നു.
അതേസമയം, പ്രതിപക്ഷത്തിന്റെ മുഖ്യ ഉപദേഷ്ടാവായി മമതാ ബാനർജി എത്തണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് ഋതബ്രത ബാനർജി പറഞ്ഞു. എന്നാൽ 18-ാം നിയമസഭയിൽ അഭിഷേക് ബാനർജിക്ക് യാതൊരു പങ്കും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
What's Your Reaction?



