വിജയ്‌യുടെ അപ്രതീക്ഷിത നീക്കം; രാജ്യസഭാ സീറ്റ് കോൺഗ്രസിന്, പ്രവീൺ ചക്രവർത്തി സ്ഥാനാർഥിയായേക്കും
ചെന്നൈ: തമിഴ്‌നാട്ടിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റ് കോൺഗ്രസിന് അനുവദിച്ച് തമിഴക വെട്രി കഴകം (ടിവികെ). കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി സ്ഥാനാർഥിയാകുമെന്നാണ് സൂചന. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഞായറാഴ്ചയാണ്.
ടിവികെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ് ആണ് സീറ്റ് കോൺഗ്രസിന് നൽകുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എഐഎഡിഎംകെ എംപി സി.വി. ഷൺമുഖം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജ്യസഭാംഗത്വം രാജിവെച്ചതോടെയാണ് സീറ്റ് ഒഴിവായത്. ഈ ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 18-ന് നടക്കും.
നിയമസഭയിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ ഈ സീറ്റ് ടിവികെയ്ക്ക് സ്വന്തമാക്കാൻ സാധിക്കുമായിരുന്നു. പാർലമെന്റിൽ സ്വന്തം സാന്നിധ്യം ഉറപ്പിക്കാനുള്ള അവസരവുമായിരുന്നു ഇത്. എന്നിരുന്നാലും സീറ്റ് കോൺഗ്രസിന് വിട്ടുനൽകാൻ പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു.
കോൺഗ്രസ് നേതാക്കളായ പി. ചിദംബരം, എഐസിസി ഇൻചാർജ് ഗിരീഷ് ചോഡങ്കർ, മന്ത്രി രാജേഷ് കുമാർ എന്നിവർ ഇന്ന് വിജയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്കുശേഷമാണ് രാജ്യസഭാ സീറ്റ് കോൺഗ്രസിന് നൽകുന്ന പ്രഖ്യാപനം ഉണ്ടായത്.
കോൺഗ്രസിന് ഇത് വലിയ രാഷ്ട്രീയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ടിവികെ സഖ്യത്തിന്റെ ഭാഗമായി തമിഴ്‌നാട് മന്ത്രിസഭയിൽ രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിച്ചതിന് പിന്നാലെ രാജ്യസഭയിലേക്കും ഒരു അംഗത്തെ അയയ്ക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ദേശീയതലത്തിൽ രാജ്യസഭയിലെ പ്രതിപക്ഷ ശക്തി നിലനിർത്തുന്നതിലും ഈ സീറ്റ് കോൺഗ്രസിന് നിർണായകമാണ്.
അതേസമയം, പ്രവീൺ ചക്രവർത്തിയുടെ പേര് ശക്തമായി ഉയർന്നുവരുന്നുണ്ടെങ്കിലും സ്ഥാനാർഥിത്വത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. വിജയും കോൺഗ്രസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്കിടെയാണ് രാജ്യസഭാ സീറ്റ് കോൺഗ്രസിന് അനുവദിച്ചുകൊണ്ടുള്ള ടിവികെയുടെ തീരുമാനം ശ്രദ്ധേയമാകുന്നത്.
What's Your Reaction?



