ഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക വിവരം പുറത്ത്. സ്ഫോടനം ആസൂത്രണം ചെയ്ത ഫരീദാബാദിലെ അല്‍ ഫലാ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് അഫ്ഗാനിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ചതായാണ് സൂചന. പിടിയിലായ മുസമ്മീൽ തുർക്കി വഴി അഫ്ഗാനിസ്ഥാനിലേക്ക് പോയിരുന്നുവെന്നതിന്റെ ചില സൂചനകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
മാത്രമല്ല മുസമ്മീൽ അഹ്‌മദ് ഗനിയയ്ക്ക് എന്‍ക്രിപ്റ്റഡ് ആപ്പ് വഴി ബോംബ് നിര്‍മിക്കുന്നതിന്റെ വീഡിയോകള്‍ അയച്ച് നല്‍കിയെന്നും ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇങ്ങനെയാണ് ബോംബ് നിർമ്മിച്ചതെന്നാണ് വിവരം. വിദേശത്തു നിന്ന് സ്ഫോടനം നിയന്ത്രിച്ച മൂന്ന് ഭീകരരുടെ പേരുകളാണ് ഏജൻസികൾക്ക് കിട്ടിയത്.
42 വീഡിയോകളാണ് ഇത്തരത്തില്‍ മുസമ്മീലിന് അയച്ച് നല്‍കിയത്. കൂടാതെ പാക് തീവ്രവാദ സംഘടനകളായ ജെയ്‌ഷെ മുഹമ്മദിനും ഐഎസ് ശാഖയായ അൻസാർ ഗസ്വാത് അൽഹിന്ദിനും വേണ്ടിയാണ് ഉമർ നബിയും അറസ്റ്റിലായ ഡോക്ടർമാരും പ്രവർത്തിച്ചതെന്ന് വ്യക്തമായി. അടുത്തിടെ ഇന്ത്യയില്‍ നടന്ന സമാന രീതിയിലുള്ള സ്‌ഫോടനങ്ങളുമായി ഈ വിദേശികള്‍ക്ക് ബന്ധമുണ്ടോയെന്ന് സുരക്ഷാ ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണ്.