തിരുവനന്തപുരത്ത് ദമ്പതികളെ ഒരു സംഘം ആളുകൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചു
ഇവരുടെ വസ്തുവിൽ നിന്ന് അമ്പലം പണിയുന്നതിയായി മൂന്ന് സെന്റ് വിട്ടുകൊടുക്കണമെന്ന ആവശ്യവുമായിട്ടാണ് സംഘം എത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദമ്പതികളെ ഒരു സംഘം ആളുകൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. ക്ഷേത്രം പണിയാന്‍ സ്ഥലം വിട്ടുകൊടുത്തില്ലെന്ന് ആരോപിച്ചാണ് മർദനം. തിരുവനന്തപുരം മലയിൻകീഴ് സ്വദേശികളായ അനീഷ്, ആര്യ എന്നിവർക്കാണ് മർദനമേറ്റത്.
സ്ഥലം വിട്ടുകൊടുക്കാത്തതിന്റെ പേരില്‍ ഇവർക്ക് നേരെ ഒരു സംഘം ആൾക്കാർ ഭീഷണിയുമായി എത്തി. തുടർന്ന് ഇവർക്ക് നേരെ കൈയേറ്റവുമുണ്ടായപ്പോള്‍ അനീഷ് ഇത് വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചു. എന്നാൽ ഇതിൽ പ്രകോപിതരായ സംഘം അനീഷിനെയും ഭാര്യയെയും മർദിക്കുകയായിരുന്നു.
പരുക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. കരിക്കകം പമ്പ് ഹൗസിന് സമീപമുള്ള 12 സെന്റ് സ്ഥലത്തിന്റെ പേരിലാണ് തര്‍ക്കം തുടങ്ങിയത്. കരിക്കകം സ്വദേശികളായ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ മർദ്ദിച്ചത്. ഇവരുടെ വസ്തുവിൽ നിന്ന് അമ്പലം പണിയുന്നതിയായി മൂന്ന് സെന്റ് വിട്ടുകൊടുക്കണമെന്ന ആവശ്യവുമായിട്ടാണ് സംഘം എത്തിയത്.
എന്നാൽ മൂന്നു സെൻറ് ആയി കൊടുക്കുവാൻ താല്പര്യമില്ലെന്നും പത്ത് സെന്റ് മാര്‍ക്കറ്റ് വിലയ്ക്ക് നല്‍കാമെന്നും അനീഷ് ഇവരോട് പറഞ്ഞു. ഇതിനു തയ്യാറാവാത്ത സംഘം തൊട്ടടുത്ത ദിവസം അനീഷിന്റെ വസ്തുവിൽ അതിക്രമിച്ച് കയറി അവിടെ വിളക്ക് കൊളുത്തുകയും ഇത് ശ്രദ്ധയിൽപ്പെട്ട അനീഷ് പേട്ട പോലീസിൽ പരാതി നൽകുകയും ചെയ്തു.
വസ്തുവിന്റെ രേഖകൾ പരിശോധിച്ച പേട്ട പൊലീസ് അനീഷിന്റെ വസ്തുവിൽ കയറരുതെന്ന് എതിർവിഭാഗത്തോട് പറഞ്ഞു നോട്ടീസ് നൽകി വിട്ടയച്ചു. എന്നാൽ അടുത്ത ദിവസവും ഇവർ അതിക്രമിച്ച് കയറി വിളക്ക് കൊളുത്തുകയും പൂജ നടത്തുകയും ചെയ്തു. ഇത് തുടർന്നപ്പോൾ അനീഷും ഭാര്യയും പുരയിടത്തിൽ ഗേറ്റ് സ്ഥാപിക്കാൻ സംഭവസ്ഥലത്തെത്തി. അവിടെ വച്ചായിരുന്നു ഇവർക്കെതിരെ അസഭ്യ വർഷവും ആക്രമണവും നടന്നത്.
What's Your Reaction?






