തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗ്ഗീയതയാണ് ഇടത് മുന്നണിയുടെ തോൽവിക്ക് കാരണമെന്ന് വി ഡി സതീശൻ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിലെ ഈ വിജയത്തിന്റെ കാരണം ടീം യുഡിഎഫ് ആണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും വലിയ വിജയമാണ് യുഡിഎഫ് നേടിയതെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഈ വിജയം സമ്മാനിച്ച കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളോടും കടപ്പാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിനെ ജനം വെറുക്കുന്നു. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മിനെന്നും സിപിഎം കളിച്ച ഭൂരിപക്ഷ വർഗ്ഗീയ പ്രീണനത്തിന്റെ ഗുണഭോക്താവാണ് ബിജെപിയെന്നും സതീശൻ വിമർശിച്ചു. എൽഡിഎഫിന് കനത്ത പരാജയമാണ് തിരഞ്ഞെടുപ്പിലുണ്ടായത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ വര്‍ഗീയത. അത് കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയത. പിണറായി വിജയന്‍ കൊണ്ടു നടന്ന പല ആളുകളും ഈ വര്‍ഗീയത ആളിക്കത്തിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നണിയുടെ മികച്ച പ്രകടനത്തിന് പിന്നാലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു വി ഡി സതീശൻ. തദ്ദേശ തിരഞ്ഞെടുപ്പിലെ അജണ്ട നിശ്ചയിച്ചതും യുഡിഎഫിൻ്റെ കൂട്ടായ പ്രവർത്തനമായിരുന്നു. ഉജ്ജ്വല വിജയം സാധ്യമാക്കിയ എല്ലാ വിഭാഗം ജനങ്ങൾക്കും നന്ദിയെന്നും വി ഡി സതീശൻ പറഞ്ഞു.