കേന്ദ്ര ബജറ്റ് 2026: ഏതൊക്കെ സാധനങ്ങള്‍ക്ക് വില കൂടും, കുറയുന്നത് ഇവയ്ക്ക്...
നാളികേര കൃഷി പ്രോത്സാഹനത്തിന് പ്രത്യേക ഊന്നൽ
ധനമന്ത്രി നിർമല സീതാരാമൻ തന്റെ എട്ടാമത് ബജറ്റ് അവതരണം പൂർത്തിയാക്കി. ഒരു മണിക്കൂർ 26 മിനിറ്റ് നീണ്ട പ്രസംഗത്തിൽ കേരളത്തിന്റെ പ്രധാന ആവശ്യങ്ങളോട് കേന്ദ്രം വീണ്ടും മുഖംതിരിച്ചു. വൻകിട പദ്ധതികൾ ഒന്നുമില്ലാതെ, ചില മേഖലകളിൽ മാത്രമായി കേരളത്തിനുള്ള പ്രഖ്യാപനങ്ങൾ ഒതുങ്ങി.
കേരളം കാലങ്ങളായി ആവശ്യപ്പെടുന്ന എയിംസ്, അതിവേഗ റെയിൽ ഇടനാഴി എന്നിവ ഇത്തവണയും ബജറ്റിൽ ഇടംപിടിച്ചില്ല. തിരുവനന്തപുരത്തിനായുള്ള പ്രത്യേക പാക്കേജുകളും ഉണ്ടായില്ല. അപൂർവ ധാതുക്കളുടെ ഖനനത്തിനായി പ്രഖ്യാപിച്ച പ്രത്യേക ഇടനാഴിയിൽ കേരളത്തെ ഉൾപ്പെടുത്തി.
നാളികേര കൃഷി പ്രോത്സാഹനത്തിന് പ്രത്യേക ഊന്നൽ. കടലാമ സംരക്ഷണ കേന്ദ്രം, ആയുർവേദ ചികിത്സാ പ്രോത്സാഹനം എന്നിവയ്ക്കായി പ്രത്യേക പദ്ധതികൾ. പുതിയ നികുതി നിർദ്ദേശങ്ങൾ അനുസരിച്ച് വിവിധ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയിൽ മാറ്റം വന്നിട്ടുണ്ട്:
വില കുറയുന്നവ
കാന്‍സര്‍ മരുന്നുകള്‍
ഇവി ബാറ്ററി
കായിക ഉപകരണങ്ങള്‍
സോളാര്‍ പാനല്‍
മൈക്രോവേവ് ഓവന്‍
ലെതര്‍ ഉല്‍പ്പന്നങ്ങള്‍
വില കൂടുന്നവ
സിഗരറ്റ്
മദ്യം
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ
ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല.
പുതുതായി ഏഴ് അതിവേഗ റെയിൽ ഇടനാഴികള്‍ ബജറ്റിൽ നിര്‍മല സീതാരാമൻ പ്രഖ്യാപിച്ചെങ്കിലും കേരളം ഉള്‍പ്പെട്ടില്ല.
17 കാൻസര്‍ മരുന്നുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി. ഇതോടെ കാൻസര്‍ മരുന്നുകളുടെ വില കുറയും.
മൈക്രോവേവ് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ക്കും നികുതി കുറയ്ക്കും. ഇതോടെ വിലയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് ശിക്ഷ പിഴ മാത്രമാക്കും എന്നും പ്രഖ്യാപനം. വരുമാനത്തെ കുറച്ച് തെറ്റായ വിവരങ്ങൾ നൽകിയാൽ കടുത്ത ശിക്ഷയെന്നും ധനമന്ത്രി.
വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും
എയര്‍ക്രാഫ്റ്റ് ഭാഗങ്ങള്‍ക്ക് നികുതി ഒഴിവാക്കി
വിദേശ സ്വത്ത് വെളിപ്പെടുത്താൻ ആറു മാസം വരെ സമയം അനുവദിക്കുമെന്നും മന്ത്രി.
സംസ്ഥാനങ്ങള്‍ക്ക് 1.4 ലക്ഷം കോടി രൂപ ഫിനാൻസ് കമ്മീഷൻ ഗ്രാന്‍റായി നൽകും.
പുതിയ അക്കാദമിക് സെന്‍ററുകള്‍ സ്ഥാപിക്കും
5 സര്‍വകലാശാല ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം.
വാഹനാപകട നഷ്ടപരിഹാര തുകക്ക് ഇനി മുതൽ നികുതിയില്ല. വിദേശ ഇന്ത്യക്കാരുടെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിന് നികുതി ചുമത്തും
വിദേശയാത്രയുടെ നികുതി 5 ൽ നിന്ന് രണ്ടു ശതമാനമാക്കി കുറച്ചു. ഇതോടെ വിദേശയാത്രയുടെ ചെലവ് കുറയും. മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള നികുതി അഞ്ചിൽ നിന്ന് രണ്ട് ശതമാനമാക്കിയിട്ടുണ്ട്.
കായിക മേഖലയിൽ വൻ മാറ്റങ്ങള്‍ വരുമെന്ന് ബജറ്റ് പ്രഖ്യാപനം. കായിക മേഖലയ്ക്കായി ഖേലോ ഇന്ത്യ മിഷൻ പ്രഖ്യാപിച്ചു. സ്പോര്‍ട്സ് ഉപകരണ നിര്‍മാണത്തിനും ഗവേഷണത്തിനും പദ്ധതിയുണ്ടാകും.
വനിതാ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി,
ഗ്രാമങ്ങളിലെ വനിതകളുടെ സംരംഭങ്ങൾക്ക് സഹായം
തേങ്ങ കർഷകർക്ക് പ്രോത്സാഹനം നൽകും. കോക്കനട്ട് പ്രോമോഷൻ സ്കീം ആരംഭിക്കും. ഒരു കോടിയോളം കര്‍ഷകര്‍ക്ക് ഗുണമാകുമെന്നും ധനമന്ത്രി. ഇന്ത്യൻ കശുവണ്ടിയും തേങ്ങയും ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ സഹായമുണ്ടാകുമെന്നും പ്രഖ്യാപനം.
കടലാമ പരിചരണത്തിന് കേരളത്തിലും കർണ്ണാടത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കും. മൂന്നിടങ്ങളിൽ അന്താരാഷ്ട്ര ട്രക്കിങ് കേന്ദ്രങ്ങള്‍ വരും. ഹിമാചൽ പ്രദേശിലും ഉത്തരഖണ്ഡിലും ജമ്മുകശ്മീരിലും അന്താരാഷ്ര ട്രക്കിംഗ് കേന്ദ്രങ്ങൾ വരുമെന്നാണ് പ്രഖ്യാപനം.
ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാനും പദ്ധതി. മരുന്ന് ചെടികൾ വളർത്തുന്നവർക്കും സംസ്ക്കരിക്കുന്നവർക്കും സഹായപദ്ധതി പ്രഖ്യാപനത്തിലുണ്ട്.
What's Your Reaction?

