ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ ഇളവ്; 4 ലക്ഷം കോടിയുടെ കയറ്റുമതിക്ക് ഇനി പൂജ്യം തീരുവ
ഇന്ത്യൻ കർഷകരുടെ താൽപ്പര്യം മുൻനിർത്തി അരി, ഗോതമ്പ്, ചോളം, സോയ, ഇറച്ചി, ജനിതക മാറ്റം വരുത്തിയ വിളകൾ എന്നിവയ്ക്ക് ഇന്ത്യ പ്രത്യേക സംരക്ഷണം നൽകും
അമേരിക്കയിലേക്ക് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന പ്രധാന ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ഏകദേശം നാല് ലക്ഷം കോടി രൂപയുടെ ഉൽപ്പന്നങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇന്ത്യയിൽ നിന്നുള്ള വിപുലമായ ഉൽപ്പന്നങ്ങൾക്ക് ഇനി മുതൽ അമേരിക്കയിൽ നികുതി നൽകേണ്ടി വരില്ല.
ഇന്ത്യൻ കർഷകരുടെ താൽപ്പര്യം മുൻനിർത്തി അരി, ഗോതമ്പ്, ചോളം, സോയ, ഇറച്ചി, ജനിതക മാറ്റം വരുത്തിയ വിളകൾ എന്നിവയ്ക്ക് ഇന്ത്യ പ്രത്യേക സംരക്ഷണം നൽകും. ഇവയുടെ ഇറക്കുമതിയിൽ ഇന്ത്യ വിട്ടുവീഴ്ച ചെയ്യില്ല. ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കി രണ്ട് ദിവസത്തിനുള്ളിൽ നിലവിലുള്ള 25 ശതമാനം പിഴ തീരുവ പിൻവലിക്കും. വസ്ത്ര വ്യാപാരം ഉൾപ്പെടെയുള്ള പ്രധാന മേഖലകളിലെ നികുതി 18 ശതമാനമായി ഉടൻ കുറയ്ക്കും.
ഇരു രാജ്യങ്ങൾക്കും ഒരുപോലെ ഗുണകരമാകുന്ന കരാറാണിതെന്ന് യുഎസ് വ്യാപാര പ്രതിനിധി അംബാസഡർ ജേമിസൺ ഗ്രിയർ വ്യക്തമാക്കി. ഇന്ത്യയുമായുള്ള 55 ബില്യൺ ഡോളറിന്റെ വ്യാപാര കമ്മി കുറയ്ക്കുക എന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യം. കരാറിന്റെ അന്തിമരേഖ തയ്യാറായിക്കഴിഞ്ഞു. വൈറ്റ് ഹൗസ് ഇത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവ് ഉടൻ പുറത്തിറക്കും.
What's Your Reaction?

