സിഡ്‌നി വെടിവയ്പ്പ്: മുഖ്യപ്രതികളിലൊരാൾ ഹൈദരാബാദ് സ്വദേശി; സാജിദ് അക്രമിനും മകനും പങ്കെന്ന് റിപ്പോർട്ട്

സാജിദ് അക്രം 27 വർഷം മുൻപ് വിദ്യാർത്ഥി വിസയിലാണ് ഹൈദരാബാദിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോയത്

Dec 16, 2025 - 22:02
Dec 16, 2025 - 22:02
 0
സിഡ്‌നി വെടിവയ്പ്പ്: മുഖ്യപ്രതികളിലൊരാൾ ഹൈദരാബാദ് സ്വദേശി; സാജിദ് അക്രമിനും മകനും പങ്കെന്ന് റിപ്പോർട്ട്

സിഡ്‌നി: സിഡ്‌നിയിലെ ബോണ്ടയ് ബീച്ചിലുണ്ടായ വെടിവയ്പ്പിൽ പങ്കെടുത്ത തോക്കുധാരികളിൽ ഒരാളായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. സാജിദും അദ്ദേഹത്തിൻ്റെ മകൻ നവീദ് അക്രവും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. സാജിദ് അക്രം 27 വർഷം മുൻപ് വിദ്യാർത്ഥി വിസയിലാണ് ഹൈദരാബാദിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോയത്.

ഹൈദരാബാദിൽ ബി.കോം. ബിരുദം പൂർത്തിയാക്കിയ ശേഷം 1998 നവംബറിലാണ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. യൂറോപ്യൻ വംശജയായ വെനേര ഗ്രോസോയെ വിവാഹം കഴിച്ച ശേഷം ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കി. ഇവർക്ക് രണ്ട് മക്കളുണ്ട്. സാജിദ് അക്രത്തിന് ഇപ്പോഴും ഇന്ത്യൻ പാസ്‌പോർട്ടാണ് ഉള്ളത്. മകനായ നവീദ് അക്രവും മകളും ഓസ്‌ട്രേലിയയിൽ ജനിച്ച ഓസ്‌ട്രേലിയൻ പൗരന്മാരാണ്.

കഴിഞ്ഞ 27 വർഷമായി ഹൈദരാബാദിലുള്ള കുടുംബാംഗങ്ങളുമായി സാജിദ് അക്രത്തിന് പരിമിതമായ ബന്ധമേ ഉണ്ടായിരുന്നുള്ളൂവെന്ന് ഇന്ത്യയിലെ ബന്ധുക്കൾ പറയുന്നു. ഓസ്‌ട്രേലിയയിലേക്ക് പോയ ശേഷം 6 തവണ മാത്രമാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും പ്രായമായ മാതാപിതാക്കളെ സന്ദർശിക്കാനുമായിരുന്നു പ്രധാനമായും എത്തിയിരുന്നത്.

പിതാവിൻ്റെ മരണസമയത്ത് പോലും സാജിദ് ഇന്ത്യയിലേക്ക് എത്തിയിരുന്നില്ല. അദ്ദേഹത്തിൻ്റെ തീവ്ര ചിന്താഗതികളെപ്പറ്റി അറിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിന് മുൻപ് സാജിദിൻ്റെ പേരിൽ കേസോ സംശയാസ്പദമായ സംഭവങ്ങളോ ഉണ്ടായിരുന്നില്ലെന്ന് തെലങ്കാന പോലീസ് വ്യക്തമാക്കി.

ജൂത വിഭാഗക്കാരുടെ 'ഹനൂക്ക' എന്ന ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് നേരെയായിരുന്നു അക്രമികൾ വെടിയുതിർത്തത്. സംഭവം ഭീകരാക്രമണമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വെടിവയ്പ്പിൽ മൂന്നാമതൊരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow