കേന്ദ്രം വിലക്കിയ മുഴുവൻ ചിത്രങ്ങളും ഐ.എഫ്എഫ്കെയിൽ പ്രദർശിപ്പിക്കും: നിർദേശിച്ച് മന്ത്രി സജി ചെറിയാൻ

കൊൽക്കത്ത മേളയിൽ പ്രതിസന്ധി ഉണ്ടായപ്പോൾ മമത ബാനർജി എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കാൻ നിർദേശം നൽകിയിരുന്നു

Dec 16, 2025 - 17:13
Dec 16, 2025 - 17:13
 0
കേന്ദ്രം വിലക്കിയ മുഴുവൻ ചിത്രങ്ങളും ഐ.എഫ്എഫ്കെയിൽ പ്രദർശിപ്പിക്കും: നിർദേശിച്ച് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: കേന്ദ്രം വിലക്കിയ മുഴുവൻ ചിത്രങ്ങളും ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. മുൻ നിശ്ചയപ്രകാരമുള്ള മുഴുവൻ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദർശിപ്പിക്കണമെന്ന് ചലച്ചിത്ര അക്കാദമിക്ക് മന്ത്രി സജി ചെറിയാൻ നിർദേശം നൽകി. കേന്ദ്രസർക്കാരിന്റേത് ജനാധിപത്യവിരുദ്ധ സമീപനമാണെന്നും മന്ത്രി പറഞ്ഞു. 

കൊൽക്കത്ത മേളയിൽ പ്രതിസന്ധി ഉണ്ടായപ്പോൾ മമത ബാനർജി എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കാൻ നിർദേശം നൽകിയിരുന്നു. സമാനമായ നിലപാട് സ്വീകരിക്കാനാണ് സർക്കാർ അക്കാദമി ചെയർമാന് നിർദേശം നൽകിയത്. അതേസമയം, ഐ.എഫ്.എഫ്.കെയിൽ ഇനി പ്രദർശനാനുമതി കിട്ടേണ്ടിയിരുന്നത് 15 ചിത്രങ്ങൾക്ക് ആയിരുന്നു. നേരത്തെ, 19 ചിത്രങ്ങളുണ്ടായിരുന്നുവെങ്കിലും 4 എണ്ണത്തിന് അനുമതി ലഭിച്ചിരുന്നു.

കേരളത്തിന്റെ പുരോഗമനപരമായ കലാ സാംസ്കാരിക പാരമ്പര്യത്തിന് നേരെയുള്ള ജനാധിപത്യ വിരുദ്ധ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു. മേളയുടെ പാരമ്പര്യത്തെയും പുരോഗമന സ്വഭാവത്തേയും തകർക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനത്തെ അംഗീകരിക്കാനാവില്ല. കലാവിഷ്കാരങ്ങൾക്ക് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെയുള്ള നിലപാട് ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. 

കേന്ദ്രാനുമതി നിഷേധിച്ച 19 ചിത്രങ്ങളും ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതും സിനിമാസ്വാദകർ നല്ല രീതിയിൽ സ്വീകരിച്ചതുമാണ്. ഈ സിനിമകൾ കാണാനുള്ള പ്രതിനിധികളുടെ അവകാശത്തെ നിഷേധിക്കാനാവില്ല. ഫെസ്റ്റിവൽ ഷെഡ്യൂളിലും ബുക്കിലും ഇവ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മേളയില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow