കേരളത്തിൽ വി.സി. നിയമന തർക്കം പരിഹരിച്ചു: സിസാ തോമസ് സാങ്കേതിക വി.സി.; സജി ഗോപിനാഥിനെ ഡിജിറ്റൽ വി.സി.യായും നിയമിച്ചു
മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം സാങ്കേതിക സർവകലാശാലയുടെയും ഡിജിറ്റൽ സർവകലാശാലയുടെയും വി.സി. നിയമനങ്ങൾ അനിശ്ചിതമായി നീണ്ടുപോയിരുന്നു
തിരുവനന്തപുരം: ഡോ. സിസാ തോമസിനെ കേരള സാങ്കേതിക സര്‍വകലാശാല വിസി ആക്കുന്നതില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണയായി. സമവായത്തിന് പിന്നാലെ, ഡോ. സിസാ തോമസിനെ സാങ്കേതിക സർവകലാശാലയിലും ഡോ. സജി ഗോപിനാഥിനെ ഡിജിറ്റൽ സർവകലാശാലയിലും വി.സി.മാരായി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം ഗവർണർ പുറത്തിറക്കി.
മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം സാങ്കേതിക സർവകലാശാലയുടെയും ഡിജിറ്റൽ സർവകലാശാലയുടെയും വി.സി. നിയമനങ്ങൾ അനിശ്ചിതമായി നീണ്ടുപോയിരുന്നു. ഒടുവിൽ സുപ്രീം കോടതി ഈ വിഷയത്തിൽ ഇടപെടുകയായിരുന്നു. സർക്കാരും ഗവർണറും തമ്മിൽ സമവായത്തിലെത്തിയില്ലെങ്കിൽ കോടതി നേരിട്ട് ഇരു സർവകലാശാലകളിലേക്കും വി.സി.മാരെ നിയമിക്കുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ മുന്നറിയിപ്പിനെ തുടർന്നാണ് മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ആദ്യഘട്ട ചർച്ചയിൽ തീരുമാനമായില്ലെങ്കിലും, ചൊവ്വാഴ്ച നടന്ന സമവായ ചർച്ചയിലാണ് വി.സി.മാരെ നിയമിക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തിയത്.
ഡോ. സിസാ തോമസിനെ വി.സി.യായി നിയമിക്കരുതെന്ന കടുത്ത നിലപാടിൽനിന്ന് സർക്കാർ പിൻവാങ്ങി. ഡിജിറ്റൽ സർവകലാശാലയിലെ ക്രമക്കേടുകളെക്കുറിച്ച് എ.ജി.യുടെ അന്വേഷണം നടക്കുന്നതിൻ്റെ വെളിച്ചത്തിൽ സജി ഗോപിനാഥിനെ വീണ്ടും വി.സി.യാക്കാൻ കഴിയില്ലെന്ന നിലപാടിൽനിന്ന് ഗവർണറും അയഞ്ഞു. ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടെയാണ് തർക്കത്തിൽ പരിഹാരമായതും നിയമനം വേഗത്തിലായതും.
What's Your Reaction?

