ഓണസമ്മാനമായി രണ്ടുമാസത്തെ പെന്‍ഷന്‍; നാളെ മുതല്‍ അക്കൗണ്ടുകളിലെത്തും
1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു

തിരുവനന്തപുരം: ഓണസമ്മാനമായി രണ്ടുമാസത്തെ പെന്‍ഷന്‍ നാളെ (ശനിയാഴ്ച) മുതല്‍ അക്കൗണ്ടുകളിലെത്തും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കാണ് സർക്കാരിന്‍റെ ഓണസമ്മാനമായി രണ്ട് ഗഡു ക്ഷേമ പെൻഷൻ ലഭിക്കുക.
ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. ഓഗസ്തിലെ പെൻഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്.
ശനിയാഴ്ച മുതൽ ഇത് ഗുണഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്.
ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യേണ്ടത്.
What's Your Reaction?






