പ്രതിരോധ വാക്സീൻ എടുത്തിട്ടും പേവിഷബാധ; ഏഴു വയസുകാരി മരിച്ചു

വാക്സിൻ എടുത്ത ശേഷവും രോഗം ബാധിച്ച് ഒരു മാസത്തിനിടെ രണ്ട് പെൺകുട്ടികൾ മരിച്ചതിനു പിന്നാലെയാണ് വീണ്ടും മരണം. 

May 5, 2025 - 08:08
May 5, 2025 - 10:56
 0  17
പ്രതിരോധ വാക്സീൻ എടുത്തിട്ടും പേവിഷബാധ; ഏഴു വയസുകാരി മരിച്ചു

തിരുവനന്തപുരം: തെരുവുനായ കടിച്ചതിന് പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച ഏഴു വയസുകാരി മരിച്ചു. പത്തനാപുരം കുന്നിക്കോട് കിണറ്റിൻകര ജാസ്മിൻ മൻസിലിൽ നിയാ ഫൈസലാണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. തെരുവുനായ കടിച്ചതിന് ശേഷം നിയാ ഫൈസല്‍ ആദ്യ മൂന്നു ഡോസ് വാക്സിന്‍ എടുത്തിരുന്നു. വാക്സിൻ എടുത്ത ശേഷവും രോഗം ബാധിച്ച് ഒരു മാസത്തിനിടെ രണ്ട് പെൺകുട്ടികൾ മരിച്ചതിനു പിന്നാലെയാണ് വീണ്ടും മരണം. 

ഏപ്രിൽ 8നാണ് നിയയ്ക്ക് നായയുടെ കടിയേറ്റത്. വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലും പുനലൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ച് വാക്സിനെടുത്ത കുട്ടിക്ക് തുടർന്നു രണ്ടാമത്തെയും മൂന്നാമത്തെയും ഡോസുകളും എടുത്തിരുന്നു. 29ന് പനി ബാധിച്ച് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്എടിയിലേക്കും കൊണ്ടു വരികയായിരുന്നു. ഞരമ്പിൽ കടിയേറ്റ്, പേവിഷം രക്തത്തിലൂടെ തലച്ചോറിനെ ബാധിച്ചെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. സംഭവത്തിൽ പബ്ലിക് ഹെൽത്ത് ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാക്സീൻ എടുത്തിട്ടും പേവിഷബാധ ഉണ്ടായി ഏപ്രിൽ 9നു പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മിയും (13), ഏപ്രിൽ 29നു മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സിയ ഫാരിസും (6) മരിച്ചിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow