തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ആക്രമണത്തിന് പിന്നിലും സംഘ പരിവാറാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഉത്തരേന്ത്യയിലും പാലക്കാട്ടും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഇത്തരം ശക്തികൾ തലപൊക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ചില സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം റദ്ദാക്കിയതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോകത്തിനാകെ വെളിച്ചം പകരുന്ന നന്മയുടെയും സമാധാനത്തിന്റെയും സന്ദേശത്തിന്റെയും പ്രഭ കെടുത്തും വിധം ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്ന അവസ്ഥ നമ്മെ അസ്വസ്ഥരാക്കുന്നതാണ്.
കഴിഞ്ഞവർഷം കേക്കും കൊണ്ട് എത്തിയവരാണ് ഇത്തവണ ആക്രമണം നടത്തുന്നത്. ഇതര മത വിദ്വേഷം പരത്തി മതേതരത്വത്തെ കളങ്കപ്പെടുത്തുന്നതാണ് ഇത്തരം സംഭവങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല പാലക്കാട് വാളയാറിൽ നടന്ന ആൾക്കൂട്ട കൊല ഹീനമാണെന്നും അതിന് പിന്നിലുള്ളവരെ പുറത്തു കൊണ്ട് വന്നെന്നും പിണറായി വിജയൻ പറഞ്ഞു.
വാളയാറിലെ രാംനാരായണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവൻ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആക്രമണത്തിൽ കൊല്ലപ്പെട്ട രാംനാരായണന്‍റെ കുടുംബത്തിന് സർക്കാർ സഹായം പ്രഖാപിച്ചു. 30 ലക്ഷം രൂപ സഹായം നൽകാനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
അതേസമയം, വാര്‍ത്താസമ്മേളനത്തിനിടെ കേന്ദ്ര സർക്കാരിനെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. കേരളത്തെ കേന്ദ്രസർക്കാർ സാമ്പത്തികമായി വലിഞ്ഞുമുറുക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂലധന ചെലവിനായി കേരളം നടത്തുന്ന ഉദ്യമങ്ങളെ തുരങ്കം വയ്ക്കാനുള്ള തീവ്ര ശ്രമങ്ങളാണ് കഴിഞ്ഞ 5 വര്‍ഷമായി കണ്ടുവരുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര വിഹിതത്തിലെ വിവേചനം ബജറ്റിനെ തന്നെ ബാധിക്കുന്നു. ആകെ റവന്യു വരുമാനത്തിൻ്റെ 70ശതമാനം സംസ്ഥാനം തന്നെ കണ്ടെത്തേണ്ട സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം പോലുള്ള സംസ്ഥാനങ്ങളെ സാമ്പത്തികമായി തകർക്കുന്ന ഇരട്ടത്താപ്പാണ് ബിജെപി സർക്കാർ കാണിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.