കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനമെന്ന് ആരോപണം
കേരള ദേവസ്വം റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് പരീക്ഷ നടത്തി നിയമിച്ച യുവാവിനെയാണ് താത്കാലികമായി മാറ്റിയത്

തൃശ്ശൂര്‍: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനമെന്ന് ആരോപണം. ഈഴവ സമുദായത്തില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം സ്വദേശി വിഎ ബാലു കഴകം പ്രവര്‍ത്തിക്ക് നിയമിതനായിരുന്നു. എന്നാൽ ബാലുവിനെ തന്ത്രിമാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാറ്റിനിര്‍ത്തി എന്നാണ് പരാതിയിൽ പറയുന്നത്.
കേരള ദേവസ്വം റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് പരീക്ഷ നടത്തി നിയമിച്ച യുവാവിനെയാണ് താത്കാലികമായി മാറ്റിയത്. പാരമ്പര്യ അവകാശികളെ മാറ്റി ഈഴവ സമുദായത്തില്‍ നിന്നുള്ള ഒരാളെ കഴകം, മാല കെട്ട് ജോലിയില്‍ പ്രവേശിപ്പിച്ചതിന് എതിരെ തന്ത്രിമാരും വാരിയര്‍ സമാജവും രംഗത്ത് വന്നിരുന്നു.
എന്നാൽ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മാറ്റിയത് എന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. ഫെബ്രുവരി 24 നാണ് ആര്യനാട് സ്വദേശിയും ബിരുദധാരിയുമായ ബാലു കഴകം തസ്തികകയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇതിനെതിരെ പ്രതിഷേധവുമായി ക്ഷേത്ര തന്ത്രിമാർ രംഗത്തെത്തി.
തീരുമാനത്തിന് എതിരെ ആറ് തന്ത്രിമാര്‍ ദേവസ്വത്തിന് കത്ത് നല്‍കിയിരുന്നു. മാത്രമല്ല നടക്കാനിരിക്കുന്ന പ്രതിഷ്ഠാദിന ചടങ്ങുകളെ പ്രതിഷേധം ബാധിക്കുമെന്ന ഭയത്തില്‍ ദേവസ്വം ബോര്‍ഡ് ബാലുവിനെ ഓഫീസ് അറ്റന്‍ഡര്‍ തസ്തികയിലേക്ക് താല്‍ക്കാലികമായി മാറ്റി.
What's Your Reaction?






