വേര് മോഷ്ടിച്ചെന്നാരോപിച്ച് മർദനം; അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദനം

മര്‍ദിച്ച പാലൂര്‍ സ്വദേശി രാമരാജിനെതിരെ പുതൂര്‍ പോലീസ് കേസ് എടുത്തു

Dec 24, 2025 - 15:46
Dec 24, 2025 - 15:48
 0
വേര് മോഷ്ടിച്ചെന്നാരോപിച്ച് മർദനം; അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദനം
പാലക്കാട്: അട്ടപ്പാടി പാലൂരിൽ ആദിവാസി യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. പച്ചമരുന്നിന്‍റെ വേര് മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദനം. പാലൂർ സ്വദേശി മണികണ്ഠനാണ് മർദമേറ്റത്. തലയോട്ടി തകര്‍ന്ന മണികണ്ഠന്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ ചികിത്സയിലാണ്. 
 
പച്ച മരുന്നിന് ഉപയോഗിക്കുന്ന മരുന്നിന്റെ വേര് മോഷിച്ചുവെന്നാരോപിച്ചായിരുന്നു രാമരാജ് എന്നയാൾ മണികണ്ഠനെ മർദിച്ചത്. ആദിവാസികളിൽ നിന്ന് ഔഷധവേരുകൾ ശേഖരിച്ച് വിൽക്കുന്ന വ്യക്തിയാണ് രാംരാജ്.  മര്‍ദിച്ച പാലൂര്‍ സ്വദേശി രാമരാജിനെതിരെ പുതൂര്‍ പോലീസ് കേസ് എടുത്തു.
 
എന്നാൽ പോലീസ് നടപടിയെടുത്തില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ദുര്‍ബല വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയതെന്നും അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുയരുന്നുണ്ട്. ബലം പ്രയോഗിച്ച് ഒഴിഞ്ഞ മുറിയിലേക്ക് കൊണ്ട് പോയി മർദിക്കുകയായിരുന്നു. 
 
ഡിസംബര്‍ ഏഴിനാണ് സംഭവം. എന്നാല്‍ മര്‍ദനം കാര്യമാക്കാതെ മണികണ്ഠന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വാദ്യോപകരണങ്ങളുമായി കോഴിക്കോടെത്തിയിരുന്നു. തുടർന്ന് എട്ടാം തീയതി  ഉച്ചകഴിഞ്ഞ് യുവാവ് തളർന്ന് വീഴുകയായിരുന്നു.  ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് തലയോട്ടി തകർന്നതായി കണ്ടെത്തുന്നത്. പിന്നീട് ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ അടിയന്തിര ശസ്ത്രക്രിയ നടത്തുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow