ജയ്പൂർ: രാജസ്ഥാനിൽ സ്ത്രീകൾ ക്യാമറയുള്ള മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്ക്. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലെ 15 ഗ്രാമങ്ങളില്‍ ആണ് നിരോധനത്തിന് ഒരുങ്ങുന്നത്. നിയന്ത്രണങ്ങൾ ജനുവരി 26ന് പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്.
മരുമക്കൾക്കും പ്രായപൂർത്തിയായ പെൺകുട്ടികൾക്കും ക്യാമറയുള്ള മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്നാണ് റിപ്പോർട്ട്. പുറത്തു പോകുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും സ്ത്രീകൾ വീടുകളിൽ മാത്രം മൊബൈൽ ഫോൺ ഉപയോഗിക്കണം എന്നുമാണ് പഞ്ചായത്തിന്റെ ഉത്തരവ്.
വിവാഹം, പൊതു ചടങ്ങുകള്‍ എന്നിവ മുതല്‍ അയല്‍വീടുകള്‍ സന്ദര്‍ശിക്കുന്ന വേളകളില്‍ വരെ സ്മാര്‍ട്ട് ഫോണുകള്‍ കൈയിൽ കരുതാന്‍ ഇനിമുതല്‍ അനുവാദം ഉണ്ടായിരികില്ല. ചൗധരി സമുദായ നേതൃത്വത്തിലുള്ള സുന്ദമാത പാട്ടി പഞ്ചായത്ത് ഉത്തരവിറക്കിയത്. 2026 ജനുവരി മുതൽ കീപാഡ് ഫോണുകൾ ഉപയോഗിക്കണമെന്നാണ് പഞ്ചായത്ത് ആക്‌ട്.
സ്മാർട്ട് ഫോണുകൾക്ക് പകരം സ്വിച്ച് ഫോണുകൾ ഉപയോഗിക്കാൻ മാത്രമേ ഇവർക്ക് അനുവാദമുള്ളൂ. മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നത് കുടുംബങ്ങളിലെ അമിതമായ ഫോൺ ഉപയോഗം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം.
എന്നാൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സ്മാർട്ട്‌ഫോൺ ഉപയോഗിക്കാം. സ്കൂൾ വിദ്യാർഥിനികൾക്ക് വീടിനുള്ളിൽ മാത്രം ഫോൺ ഉപയോഗിക്കാനും അനുമതിയുണ്ട്. ജലോര്‍ ജില്ലയിലെ പാട്ടി മേഖലയിലെ ഗാജിപുര, പാവ്ലി, കല്‍റ, മനോജിയ വാസ്, രാജികാവാസ്, ദത്ലാവാസ്, രാജ്പുര, കോടി, സിദ്രോഡി, അല്‍റി, റോപ്സി, ഖാനദേവല്‍, സവിധര്‍, ഭീന്‍മാലിലെ ഹാത്മി കി ധനി, ഖാന്‍പൂര്‍ തുടങ്ങിയ ഗ്രാമങ്ങളിലാണ് നിരോധനം നടപ്പിലാക്കുക.