ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ
അക്രം ഹാജി സോളങ്കി, സത്താർ ഇസ്മായിൽ സോളങ്കി, ഖാസിം സോളങ്കി എന്നിവരാണ് പശുക്കളെ കൊലപ്പെടുത്തി ഗോമാംസം കടത്തിയ കേസിൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികൾ
അഹമ്മദാബാദ്: ഗുജറാത്തിൽ പശുവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർക്ക് അഹമ്മദാബാദ് അമറേലി സെഷൻസ് കോടതി ജീവപര്യന്തം തടവും ആറുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പശുക്കളെ ഹിന്ദുമതം പവിത്രമായി കണക്കാക്കുന്നുവെന്നറിഞ്ഞുകൊണ്ട് പ്രതികൾ കുറ്റം ചെയ്തുവെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്.
അക്രം ഹാജി സോളങ്കി, സത്താർ ഇസ്മായിൽ സോളങ്കി, ഖാസിം സോളങ്കി എന്നിവരാണ് പശുക്കളെ കൊലപ്പെടുത്തി ഗോമാംസം കടത്തിയ കേസിൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികൾ. 2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പശുക്കളെ കൊലപ്പെടുത്തി അവരുടെ മാംസം കടത്തുന്നതിനിടെയാണ് മൂന്നുപേരെയും പോലീസ് പിടികൂടുന്നത്.
പ്രതികളിൽ നിന്ന് പശുവിൻ്റെ മാംസം കണ്ടെത്തിയതിനെ തുടർന്ന് ഇവർ അറസ്റ്റിലായി. ഈ സംഭവം അമ്രേലിയിൽ വ്യാപകമായ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഒരു വർഷം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് സെഷൻസ് ജഡ്ജി റിസ്‌വാനബെൻ ബുഖാരി വിധി പുറപ്പെടുവിച്ചത്.
ഇതാദ്യമായാണ് പശുവിനെ കൊന്നതിന് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത്. കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകർ അറിയിച്ചിട്ടുണ്ട്.
What's Your Reaction?

