സംഘർഷഭരിതമായി മണിപ്പൂർ; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ കല്ലേറ്
മണിപ്പൂരിൽ വീണ്ടും സംഘർഷം. കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂരിലാണ് പൊലീസുമായി സംഘർഷമുണ്ടായത്. കുക്കി എംഎൽഎമാർ ബിജെപി സർക്കാരിന്റെ ഭാഗം ആയതിലാണ് പ്രതിഷേധം. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. റോഡ് തടഞ്ഞും പ്രതിഷേധം ഉണ്ടായി. റോഡിൽ പ്രതിഷേധക്കാർ ടയർ കത്തിച്ചു.
മണിപ്പൂർ മുഖ്യമന്ത്രി യുംനാം ഖേംചന്ദിനെതിരെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. സുരക്ഷാ സേന ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചപ്പോൾ സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയായിരുന്നു. സേനയ്ക്കെതിരെ ജനക്കൂട്ടം കല്ലെറിഞ്ഞതിനാൽ ഇത് ലാത്തിച്ചാർജ്ജിന് കാരണമായി. സംഭവത്തിൽ രണ്ട് പേർക്ക് നിസാര പരുക്കേറ്റിട്ടുണ്ട്.
ഇന്നലെയാണ് രാഷ്ട്രപതി ഭരണത്തിന് വിരാമമിട്ടുകൊണ്ട് മണിപ്പൂരിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റത്. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതാ നേതാവ് നെംചാ കിപ്ജെനും നാഗ വിഭാഗത്തിൽ നിന്നുള്ള ലോസി ദിഖോയും ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു. ഡൽഹിയിൽ നിന്ന് ഓൺലൈനായി ആണ് നെംചാ കിപ്ജെൻ സത്യപ്രതിജ്ഞ ചെയ്തത് ബിജെപിയിൽ നിന്നും നാഗ പീപ്പിൾസ് പാർട്ടിയിൽ നിന്നും ഒരോ എം എൽ എ മാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കുക്കി മെയ്തയ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണം ഒരുവർഷം തികയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആയിരുന്നു സർക്കാർ രൂപീകരണം.
What's Your Reaction?

