രാത്രി ബോധംപോയി, ഭര്‍ത്താവ് ശരീരത്തില്‍ മെര്‍ക്കുറി കുത്തിവെച്ചു, ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു
കഴിഞ്ഞ ഒമ്പത് മാസമായി വിദ്യ ചികിത്സയിലായിരുന്നു
ബെംഗളൂരു: ഭർത്താവ് ശരീരത്തിൽ മെർക്കുറി (മെർക്കുറി) കുത്തിവെച്ചെന്ന ഗുരുതര ആരോപണം ഉന്നയിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. ബെംഗളൂരു അത്തിബെല്ലെ സ്വദേശിനിയായ വിദ്യയാണ് വിക്ടോറിയ ആശുപത്രിയിൽ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഒമ്പത് മാസമായി വിദ്യ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഭർത്താവ് ബാസവരാജു തന്റെ ശരീരത്തിൽ മെർക്കുറി കുത്തിവെച്ചതെന്ന് വിദ്യ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. ഫെബ്രുവരി 26-ന് രാത്രി താൻ ബോധരഹിതയായെന്നും പിറ്റേദിവസം വൈകീട്ടാണ് ബോധം വീണ്ടെടുത്തതെന്നും വിദ്യ മൊഴി നൽകി. ബോധം തെളിഞ്ഞപ്പോൾ വലതുതുടയിൽ ശക്തമായ വേദന അനുഭവപ്പെട്ടു. ഇവിടെയാണ് ഭർത്താവ് ഇഞ്ചക്ഷൻ നൽകിയതെന്നും വിദ്യ മൊഴിയിൽ വ്യക്തമാക്കി.
ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് മാർച്ച് ഏഴിനാണ് വിദ്യയെ അത്തിബെല്ലെയിലെ സർക്കാർ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് ഓക്‌സ്‌ഫോർഡ് ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷം അവിടെ നടത്തിയ പരിശോധനയിലാണ് യുവതിയുടെ രക്തത്തിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയത്.
വിദ്യയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ഞായറാഴ്ച പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇത് മരണമൊഴിയായി കണക്കാക്കിയാണ് എഫ്.ഐ.ആർ. (FIR) രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അന്വേഷണം: സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെയുള്ള ആരോപണങ്ങൾ പരിശോധിച്ചുവരികയാണെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട ആരോപണവും യുവതി ഉന്നയിച്ചതിനാൽ ഇതേക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
What's Your Reaction?

