ഭക്ഷണം മാത്രമല്ല; മധുരം കഴിച്ചില്ലെങ്കിലും പഞ്ചസാരയുടെ അളവ് കൂടിയേക്കാം; ഗ്ലൂക്കോസ് നിലയെ സ്വാധീനിക്കുന്ന 5 പ്രധാന ഘടകങ്ങൾ
ഒരു തരി മധുരം പോലും കഴിച്ചില്ലെങ്കിലും രക്തത്തിലെ ഗ്ലൂക്കോസ് നില ഉയരാമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുമ്പോൾ നാം ആദ്യം കുറ്റപ്പെടുത്തുന്നത് മധുരപലഹാരങ്ങളെയും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളെയുമാണ്. എന്നാൽ ഒരു തരി മധുരം പോലും കഴിച്ചില്ലെങ്കിലും രക്തത്തിലെ ഗ്ലൂക്കോസ് നില ഉയരാമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഭക്ഷണത്തിനപ്പുറം നമ്മുടെ ജീവിതശൈലിയും ശാരീരിക മാറ്റങ്ങളും പ്രമേഹത്തെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്ന് താഴെ പറയുന്ന അഞ്ച് കാര്യങ്ങളിലൂടെ മനസ്സിലാക്കാം.
ഗ്ലൂക്കോസ് നിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ:
1. മാനസിക സമ്മർദം (Stress): അമിതമായ സമ്മർദം ശരീരത്തിൽ 'കോർട്ടിസോൾ' ഹോർമോൺ വർധിപ്പിക്കുന്നു. ഇത് ഊർജ്ജത്തിനായി കരളിനെ കൂടുതൽ ഗ്ലൂക്കോസ് രക്തത്തിലേക്ക് പുറത്തുവിടാൻ പ്രേരിപ്പിക്കും. വിട്ടുമാറാത്ത സമ്മർദം പ്രമേഹസാധ്യത വർധിപ്പിക്കുന്നു.
2. ഉറക്കക്കുറവ് (Lack of Sleep):
ഒരു രാത്രിയിലെ ഉറക്കക്കുറവ് പോലും ഇൻസുലിൻ പ്രതിരോധം (Insulin Resistance) ഉണ്ടാക്കാം. കൃത്യമായി ഉറക്കം ലഭിക്കാത്തവരിൽ ഭക്ഷണക്രമം പാലിച്ചാലും ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.
3. വ്യായാമം (Exercise):
തീവ്രമായ വ്യായാമമുറകൾ ചെയ്യുമ്പോൾ പേശികൾക്ക് കൂടുതൽ ഊർജ്ജം നൽകാനായി ശരീരം ഗ്ലൂക്കോസ് പുറത്തുവിടാറുണ്ട്. ഇത് താൽക്കാലികമായ ഒരു വർധനവ് മാത്രമാണ്. ദീർഘകാലാടിസ്ഥാനത്തിൽ വ്യായാമം ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിച്ച് പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കും.
4. അണുബാധയും രോഗങ്ങളും (Infection):
ശരീരം ഏതെങ്കിലും തരത്തിലുള്ള അണുബാധയോട് പൊരുതുമ്പോൾ രോഗപ്രതിരോധ സംവിധാനത്തിന് കരുത്ത് പകരാൻ രക്തത്തിലേക്ക് കൂടുതൽ ഗ്ലൂക്കോസ് എത്താറുണ്ട്. അതിനാൽ അസുഖം വരുമ്പോൾ പഞ്ചസാരയുടെ അളവ് കൂടുന്നത് സാധാരണമാണ്.
5. ഹോർമോൺ മാറ്റങ്ങൾ (Hormonal Changes):
സ്ത്രീകളിൽ ആർത്തവചക്രം, പെരിമെനോപോസ്, ആർത്തവവിരാമം എന്നീ ഘട്ടങ്ങളിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ ഇൻസുലിൻ പ്രവർത്തനത്തെ ബാധിക്കും. 40-കളിലും 50-കളിലും ഉള്ള സ്ത്രീകൾക്ക് അനുഭവപ്പെടുന്ന ക്ഷീണം, അമിതഭാരം എന്നിവ രക്തത്തിലെ പഞ്ചസാരയുടെ ഇത്തരം ഏറ്റക്കുറച്ചിലുകൾ കാരണമാകാം.
What's Your Reaction?