ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രയേൽ; സ്ഥിരീകരണമില്ലാതെ ഇറാൻ
ഇന്ന് പുലർച്ചെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളുടെ പ്രധാന ലക്ഷ്യം ലാരിജാനിയായിരുന്നുവെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
ടെൽ അവീവ്: ഇറാന്റെ സുരക്ഷാ മേധാവിയും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയുമായ അലി ലാരിജാനിയെ മിസൈൽ ആക്രമണത്തിൽ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള ഖമനേയിയുടെ വധത്തിന് ശേഷം രാജ്യത്തിന്റെ സുരക്ഷാ ചുമതലകൾ നിയന്ത്രിച്ചിരുന്ന നിർണ്ണായക വ്യക്തിയായിരുന്നു ലാരിജാനി.
ഇന്ന് പുലർച്ചെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളുടെ പ്രധാന ലക്ഷ്യം ലാരിജാനിയായിരുന്നുവെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇറാന്റെ സൈനിക നേതൃത്വത്തിലെ ഏറ്റവും കരുത്തനായ ഉദ്യോഗസ്ഥനെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്. ലാരിജാനിയുടെ മരണം സ്ഥിരീകരിക്കപ്പെട്ടാൽ അത് ഇറാന് നികത്താനാവാത്ത തിരിച്ചടിയാകും. തലസ്ഥാനമായ തെഹ്‌റാൻ കൂടാതെ ഷിറാസ്, തബ്രിസ് എന്നീ നഗരങ്ങളിലും ഇസ്രയേൽ ഒരേസമയം വ്യോമാക്രമണം നടത്തി. ഇറാന്റെ മിസൈൽ നിർമ്മാണ കേന്ദ്രങ്ങളും പ്രധാന സൈനിക താവളങ്ങളുമാണ് ഇസ്രയേൽ വ്യോമസേന തകർത്തത്.
ചൊവ്വാഴ്ച ഉച്ചവരെ ലാരിജാനിയുടെ ആരോഗ്യനിലയെക്കുറിച്ചോ ആക്രമണത്തെക്കുറിച്ചോ ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഖമനേയിയുടെ വധത്തിന് പിന്നാലെ രാജ്യത്തെ സുരക്ഷാ സമിതിയെ നയിച്ചിരുന്നത് ലാരിജാനിയായിരുന്നു.
What's Your Reaction?