അമേരിക്കയിൽ കൂട്ട വെടിവെപ്പ്: ബാർ റെസ്റ്റോറന്റിൽ നാല് പേർ കൊല്ലപ്പെട്ടു; 20ലധികം പേർക്ക് പരിക്ക്
പരിക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്

വാഷിങ്ടൺ: അമേരിക്കയിലെ സൗത്ത് കരോലിനയിലെ ഒരു ദ്വീപ് നഗരത്തിലെ ബാർ റെസ്റ്റോറന്റിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും 20ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്.
സെൻ്റ് ഹെലേന ദ്വീപിലെ വില്ലീസ് ബാർ ആൻഡ് ഗ്രില്ലിൽ ഞായറാഴ്ച പുലർച്ചെ ഒരു മണിക്ക് തൊട്ടുമുമ്പാണ് വെടിവെപ്പ് നടന്നത്. നിരവധി പേർക്ക് വെടിയേറ്റ വിവരം ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഉടൻതന്നെ സംഭവസ്ഥലത്ത് എത്തി. വെടിവെപ്പ് നടക്കുമ്പോൾ നൂറുകണക്കിന് ആളുകൾ റെസ്റ്റോറന്റിൽ ഉണ്ടായിരുന്നുവെന്ന് ബ്യൂഫോർട്ട് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഷെരീഫ് ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി. മരിച്ചവരുടെ ബന്ധുക്കളെ വിവരമറിയിക്കുന്നതുവരെ പേരുകൾ പുറത്തുവിടില്ല.
നാലോ അതിലധികമോ ആളുകൾക്ക് വെടിയേൽക്കുന്ന സംഭവങ്ങളെയാണ് 'കൂട്ട വെടിവെപ്പ്' എന്ന് ഗൺ വയലൻസ് ആർക്കൈവ് നിർവചിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ യു.എസിൽ ഇത്തരം സംഭവങ്ങൾ വർധിച്ചുവരുന്നതായാണ് കണക്കുകൾ.
What's Your Reaction?






