കൊച്ചി: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സുകാന്ത് സുരേഷ് കീഴടങ്ങി. എറണാകുളം സെൻട്രൽ സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ ഹർജി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങിയത്.
തിരുവനന്തപുരം പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം തേടി ഐ ബി ഉദ്യോഗസ്ഥനായ സുകാന്ത് സുരേഷ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതിക്കെതിരെയുള്ള ആത്മഹത്യാപ്രേരണാ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിനുശേഷം രണ്ടു മാസത്തോളം ഒളിവിൽ കഴിഞ്ഞശേഷമാണ് സുകാന്തിന്‍റെ കീഴടങ്ങൽ.
മാർച്ച് 24നാണ് ഐബി ഉദ്യോഗസ്ഥയായിരുന്ന യുവതിയെ തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബലാത്സംഗ കുറ്റമാണ് സുകാന്ത് സുരേഷിനെതിരെ ചുമത്തിയത്.